ഡിറ്റ്‍ വാ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴയിലും വെള്ളപ്പൊക്കത്തിലും ശ്രീലങ്കയിൽ 100 ലധികം പേർ മരിച്ചു. രണ്ട് ലക്ഷം പേരെയെങ്കിലും ദുരന്തം ബാധിച്ചതായി സർക്കാർ പറയുന്നു. അതേസമയം ഓപ്പറേഷൻ സാഗർ ബന്ധുവിന്‍റെ ഭാഗമായി ഇന്ത്യ കൂടുതൽ സഹായം ശ്രീലങ്കയ്ക്ക് കൈമാറും.
കിഴക്കൻ തമിഴ്നാട്ടിലെ തീരദേശ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ട്രെയിൻ പൂർണമായും 11 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് പുതുച്ചേരിയിലും തമിഴ്നാട്ടിലെ ഡെൽറ്റ ജില്ലകളിലും ഇന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
ഇന്ന് രാത്രി 11.30 വരെ കേരള തീരത്ത് കടലാക്രമണത്തിനും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ഡിറ്റ് വാ ചുഴലിക്കാറ്റ് സ്ഥിതിചെയ്യുന്നുണ്ട് . ഇത് വടക്ക് – വടക്കു പടിഞ്ഞാറ് ദിശയിൽ വീശി, ശ്രീലങ്ക തീരവും സമീപ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലും വഴി നവംബർ 30 രാവിലെയോടെ വടക്കൻ തമിഴ്നാട് –പുതുച്ചേരി, തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്.
കടലാക്രമണ സാധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാൻ കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു. അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കാനും കാലാവസ്ഥാ വകുപ്പ് നിർദേശമുണ്ട്. അറിയിപ്പ് ഉണ്ടാകുന്നതുവരെ ബീച്ച് കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരം ഒഴിവാക്കാനും നിർദേശമുണ്ട്.
















