തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസ് അന്വേഷണത്തിന് നേതൃത്വം നൽകും. ഡിസിപിയും അസിസ്റ്റന്റ് കമ്മീഷണറും ഉൾപ്പെടുന്നതാണ് സംഘം. ഉത്തരവ് വൈകുന്നേരത്തോടെ പുറത്തിറങ്ങുമെന്നാണ് വിവരം.
തിരുവനന്തപുരം റൂറൽ മേഖലയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് യുവതി നേരിട്ട് നൽകിയ പരാതിയിൽ ഇന്ന് രാവിലെയാണ് വലിയമല സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് കുറ്റകൃത്യം നടന്ന നേമം സ്റ്റേഷനിലേക്ക് മാറ്റി. നേമം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കുറ്റകൃത്യം നടന്നത് എന്നുള്ളത് കൊണ്ടാണ് നേമം സ്റ്റേഷനിലേക്ക് എഫ്ഐആര്‍ കൈമാറിയത്. നേമം സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് രഹസ്യമൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുളള പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ക്രമസമാധാന ചുമതലയുളള എഡിജിപി ആയിരിക്കും ഉത്തരവ് പുറത്തിറക്കുക.
വിവാഹ വാഗ്ദാനം നല്‍കി പീഡനം, നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിക്കൽ എന്നിവയാണ് രാഹുലിനെതിരെ ചുമത്തിയ കുറ്റങ്ങൾ. ഗർഭിണിയാണെന്നറിഞ്ഞിട്ടും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും ഭ്രൂണഹത്യക്ക് നിർബന്ധിച്ച് ഗുളിക കഴിപ്പിച്ചെന്നും എഫ്ഐആറിലുണ്ട്. നഗ്ന ചിത്രങ്ങൾ പകർത്തിയതായും ഭീഷണിപ്പെടുത്തിയെന്നും ഇതിൽ പറയുന്നു. ഗർഭഛിദ്രത്തിനുളള മരുന്നെത്തിച്ച രാഹുലിന്‍റെ സുഹൃത്ത് ജോബി ജോസഫും കേസിൽ പ്രതിയാണ്. കേസിന് പിന്നാലെ ഒളിവിൽ പോയ രാഹുലിനായി പൊലീസ് ലുക്ക്ഔട്ട് സർക്കുലർ ഇറക്കിയിട്ടുണ്ട്.
















