ചെന്നൈ: എഐഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട മുൻ എംഎല്‍എ കെ എ സെങ്കോട്ടയ്യൻ ടിവികെയില്‍ ചേരും. ചെന്നൈയിലെ ടിവികെ ഓഫീസില്‍ ഇന്ന് രാവിലെ വിജയ് യിൽ നിന്നാണ് സെങ്കോട്ടയ്യൻ അംഗത്വം സ്വീകരിക്കുക.
കഴിഞ്ഞ ദിവസം വിജയ് യുമായി സെങ്കോട്ടയ്യൻ രണ്ട് മണിക്കൂർ ചർച്ച നടത്തിയിരുന്നു. ടിവികെയിലേക്കെത്തുന്ന സെങ്കോട്ടയ്യന് സംഘടന സെക്രട്ടറി സ്ഥാനവും കോർ കമ്മിറ്റി കോ ഓർഡിനേറ്റർ പദവിയും നല്‍കുമെന്നാണ് റിപ്പോർട്ടുകള്‍.
ഗോബിചെട്ടിപ്പാളയത്ത് നിന്ന് ഒൻപത് തവണയാണ് സെങ്കോട്ടയ്യൻ നിയമസഭാംഗമായത്. സെങ്കോട്ടയ്യനെ ഡിഎംകെയിലെത്തിക്കാൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനും നീക്കങ്ങള്‍ നടത്തിയിരുന്നു.
ഒക്ടോബറിൽ പുറത്താക്കപ്പെട്ട നേതാക്കളായ ഒ പനീർസെൽവത്തിനും അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവ് ടിടിവി ദിനകരനുമൊപ്പം രാമനാഥപുരം ജില്ലയിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി സെങ്കോട്ടയ്യനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.
പാർട്ടിയിലെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് സെങ്കോട്ടയ്യനെ നീക്കിയതെന്നും അദ്ദേഹവുമായി ബന്ധം പുലർത്തരുതെന്നും പളനിസ്വാമി പാർട്ടി പ്രവർത്തകരോട് അഭ്യർത്ഥിച്ചിരുന്നു. നേരത്തെ, പനീർസെൽവത്തിന്‍റെ വിശ്വസ്തനായിരുന്ന പി എച്ച് മനോജ് പാണ്ഡ്യൻ ഡിഎംകെയിൽ ചേർന്നതിന് പിന്നാലെ തെങ്കാശിയിലെ ആലങ്കുളം മണ്ഡലത്തിലെ എംഎൽഎ സ്ഥാനം രാജിവച്ചിരുന്നു.
‘ഞാന്‍ അമ്മയുടെ ഭക്തനാണ്’ എന്ന് പറയുന്ന സെങ്കോട്ടയ്യനെ മന്ത്രിയായിരിക്കെ ജയലളിത എന്തിനാണ് പുറത്താക്കിയതെന്ന് ഇപിഎസ് ചോദിച്ചു. രണ്ടരക്കോടി അംഗങ്ങളുള്ള വലിയ പ്രസ്ഥാനമാണ് എഐഎഡിഎംകെ എന്നും അത് തകര്‍ക്കാന്‍ ശ്രമിച്ചാല്‍ നോക്കിനില്‍ക്കില്ലെന്നും ഇപിഎസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
പാർട്ടി നിയമങ്ങൾ ലംഘിക്കുകയും ഡിഎംകെക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്തതിനാലാണ് പുറത്താക്കിയതെന്ന് സെങ്കോട്ടയ്യന്‍റെ വിമർശനങ്ങൾക്ക് മറുപടിയായി ഇപിഎസ് നേരത്തേ വ്യക്തമാക്കിയിരുന്നു.
















