ഡൽഹി: ആരവല്ലി കുന്നുകളുടെ നിർവചനം സംബന്ധിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രാലയ പാനലിന്റെ ശുപാർശകൾ നവംബർ 20 ന് സുപ്രീംകോടതി അംഗീകരിച്ചു. പ്രാദേശിക ഭൂപ്രകൃതിയിൽ നിന്ന് 100 മീറ്ററോ അതിൽ കൂടുതലോ ഉയരത്തിലുള്ള ഏതൊരു ഭൂപ്രകൃതിയും ആരവല്ലി കുന്നുകളുടെ ഭാഗമായി പരിഗണിക്കാമെന്ന ശുപാർശയാണ് കോടതി അംഗീകരിച്ചത്. അതോടൊപ്പം അതിന്റെ ചരിവുകളും സമീപ പ്രദേശങ്ങളും ആരവല്ലിയുടെ ഭാഗമാകുമെന്നും കോടതി പറഞ്ഞു.
കോടതി അംഗീകരിച്ചതോടെ മേഖലയിലെ കുന്നുകളുടെ 90% ത്തിലധികം പ്രദേശങ്ങളും ഇനി ആരവല്ലിയായി കണക്കാക്കില്ല. ഡൽഹി അടക്കമുള്ള മേഖലയിൽ കുറഞ്ഞ വായു ഗുണനിലവാരം ഉൾപ്പെടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്ന ഖനനത്തിനും നിർമ്മാണത്തിനും ഈ നിർവചനം കാരണമാകും. എന്നാൽ ഇതു സംബന്ധിച്ച് ഒന്നും കോടതി പരാമർശിച്ചില്ല.
ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ(എഫ്എസ്ഐ)യുടെ കണക്കുകൾ പ്രകാരം, 20 മീറ്റർ ഉയരത്തിലുള്ള കട്ട്-ഓഫ് ഒരു കുന്നിന്റെ ഉയരം കാറ്റിനു തടസ്സമായി പ്രവർത്തിക്കുന്നതിന് സഹായകമാണ്. രാജസ്ഥാനിലെ 15 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ആരവല്ലിയിൽ 20 മീറ്ററോ അതിൽ കൂടുതലോ ഉയരമുള്ള 12,081 ആരവല്ലി കുന്നുകളുണ്ട്. ഇതിൽ 1,048 എണ്ണം, മാത്രമാണ് 100 മീറ്ററോ അതിനു മുകളിലോ ഉയരമുള്ളവ.
പർവതനിരയുടെ മൂന്നിൽ രണ്ട് ഭാഗവും രാജസ്ഥാനിലാണ് ഉൾപ്പെടുന്നത്. പതിറ്റാണ്ടുകളായി, നിയമപരവും നിയമവിരുദ്ധവുമായ ഖനനം, നിർമ്മാണം, മറ്റ് വികസന പ്രവർത്തനങ്ങൾ കൊണ്ട് നശിപ്പിക്കപ്പെടുകയാണ് ആരവല്ലി പർവതനിര. പുതിയ നിർവചനം ഈ പ്രക്രിയയ്ക്ക് വേഗത കൂട്ടാനും ഇടയാക്കും.
2010 മുതൽ ആരവല്ലി കുന്നുകളെ നിർവചിക്കാൻ എഫ്എസ്ഐ 3-ഡിഗ്രി ചരിവ് ഉള്ള പ്രദേശങ്ങളെന്ന മാനദണ്ഡമാണ് ഉപയോഗിക്കുന്നത്. എന്നാൽ 2024-ൽ ഇതിനായി രൂപീകരിച്ച ഒരു സാങ്കേതിക സമിതി, ബെഞ്ച്മാർക്ക് പരിഷ്കരിക്കുകയും കുറഞ്ഞത് 4.57 ഡിഗ്രി ചരിവും കുറഞ്ഞത് 30 മീറ്റർ ഉയരവുമുള്ളവയാണ് ആരവല്ലി കുന്നുകളുടെ ഭാഗമെന്ന് പുനർനിർവചിക്കുകയും ചെയ്തു. ഈ മാനദണ്ഡങ്ങൾ അനുസരിച്ച് കുന്നുകളുടെ 40% വരെ ആരവല്ലി പർവതനിരയുടെ നിർവചനത്തിൽ ഉൾപ്പെടുമായിരുന്നു.
എന്നാൽ കേന്ദ്രസർക്കാർ അവസാനമായി സുപ്രീംകോടതിക്ക് നൽകിയ ശുപാർശയിലെ 100 മീറ്റർ ഉയരമെന്ന മാനദണ്ഡമനുസരിച്ച് 10 ശതമാനം പ്രദേശങ്ങൾ മാത്രമാകും ആരവല്ലി പർവത നിരകളായി പരിഗണിക്കുക. ആരവല്ലിക്ക് ഏകീകൃത നിർവചനം കൊണ്ടുവരാൻ സുപ്രീം കോടതി കഴിഞ്ഞ വർഷമായിരുന്നു കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്. ഇതനുസരിച്ചുള്ള നിർവചനമാണ് ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്.
















