Homepage Featured News World

ഹോങ്കോങ്ങിൽ വൻ തീപിടുത്തം; 44 പേർ മരിച്ചു, 279 പേരെ കാണാനില്ല

തായ് പോ: ഹോങ്കോങിലെ തായ് പോയിലെ കെട്ടിട സമുച്ചയത്തിലുണ്ടായ അഗ്നിബാധയിൽ 44 പേർ മരിച്ചു. 279 ഓളം പേരെ കാണാതായി. വാങ് ഫുക് കോർട് എന്ന ബഹുനില ഫ്ലാറ്റ് സമുച്ചയത്തിനാണ് തീപ്പിടിച്ചത്. കെട്ടിടത്തിന് ചുറ്റും മുളകൾ കൊണ്ടുള്ള വേലിയുണ്ടായിരുന്നതാണ് തീ പടരുന്നതിന് കാരണമായതെന്നാണ് കരുതുന്നത്.

1983ൽ നി‍ർമ്മിതമായ ബഹുനില കെട്ടിടത്തിനാണ് തീപ്പിടിച്ചത്. കെട്ടിടത്തിന്റെ എട്ട് ബ്ലോക്കുകളിൽ 2000ത്തോളം ഫ്ലാറ്റുകളുണ്ട്. 2021ലെ സെൻസസ് അനുസരിച്ച് ഇവിടെ 4600 താമസക്കാരും 1984 വീടുകളുമാണ് ഉള്ളത്. ഹോങ്കോങ്ങിലെ തന്നെ ഏറ്റവുമധികം താമസക്കാരുള്ള കെട്ടിടങ്ങളിലൊന്നിലാണ് വാങ് ഫുക് കോർട്. അതിനാൽ തന്നെ ദുരന്തത്തിന്റെ വ്യാപ്തി കൂടാൻ സാധ്യതയുണ്ട്. തായ് പോ ജില്ലയിലെ സ്കൂളുകൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

സംഭവത്തിൽ മുന്നു പേർ അറസ്റ്റിലായിട്ടുണ്ട്. തീപിടിത്തം ഉണ്ടായ കെട്ടിട സമുച്ചയത്തിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്ന കമ്പനിയുടെ ഉദ്യോഗസ്ഥർ ആണ് അറസ്റ്റിലായത്. അറ്റകുറ്റപ്പണികൾ ഏറ്റെടുത്ത കമ്പനിയാണ് മുള കൊണ്ടുള്ള വേലി പണിതതെന്നാണ് വിവരം.

800ലേറെ അഗ്നി രക്ഷാ പ്രവർത്തകരാണ് നിലവിൽ സ്ഥലത്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുള്ളത്. തീ ഇനിയും പൂർണമായി അണയ്ക്കാൻ സാധിച്ചിട്ടില്ല. പലയിടത്ത് നിന്നും വലിയ രീതിയിൽ പുക ഉയരുന്നുണ്ട്. തീ നിയന്ത്രിക്കാനുള്ള ശ്രമത്തിനിടെ 37 വയസുള്ള അഗ്നിരക്ഷാ സേനാംഗം അപകടത്തിൽ മരിച്ചു. വിവിധ ആശുപത്രികളിലായി 29 പേർ ചികിത്സയിൽ കഴിയുന്നതായാണ് അഗ്നിരക്ഷാ സേനാ പറയുന്നത്. അഗ്നിബാധയുണ്ടായ കെട്ടിടത്തിലെ താമസക്കാർക്കായി1400 വീടുകൾ സജ്ജമാക്കിയാതായി ഹോങ്കോങ്ങ് ഭവന മന്ത്രി അറിയിച്ചിട്ടുണ്ട്. ഇതിൽ 280 വീടുകൾ തായ് പോയിൽ തന്നെയാണെന്നും മന്ത്രി പറഞ്ഞു.

Related Posts