കൊച്ചി: മുൻകൂർ പണം അടയ്ക്കാത്തതിന്റെ പേരിൽ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ജീവൻ രക്ഷിക്കാനുള്ള ചികിത്സ നിഷേധിക്കരുതെന്ന് ഹൈക്കോടതിയുടെ മാർഗനിർദേശം. കേരളാ ഗവണ്മെന്റ് പാസാക്കിയ നിയമം ഭരണഘടനാപരമാണെന്നും പാലിച്ചില്ലെങ്കിൽ രജിസ്‌ട്രേഷൻ റദ്ദാക്കുകയും പിഴ ചുമത്തുകയും ചെയ്യുമെന്നും കോടതി പറഞ്ഞു.
റിസപ്ഷൻ/അഡ്മിഷൻ ഏരിയ, വെബ് സൈറ്റ് എന്നിവിടങ്ങളിൽ ചികിത്സാനിരക്ക് പ്രസിദ്ധീകരിക്കണം. ആശുപത്രിയിലെ സൗകര്യങ്ങൾ, സേവനങ്ങൾ, ഓരോ രോഗത്തിനും അടിസ്ഥാന ചികിത്സ, ചിലവ്, തുടങ്ങിയ എല്ലാ വിവരങ്ങളും പരസ്യപ്പെടുത്തണം. ഡിസ്ചാർജ് സമയത്ത് ചികിത്സ സംബന്ധമായ എല്ലാ രേഖകളും കൈമാറണം.
ചികിത്സാരേഖകളടക്കം ലഭിക്കാനുള്ള രോഗികളുടെ അവകാശങ്ങൾ, പരാതി ഉന്നയിക്കേണ്ട ഓഫീസറുടെ ഫോൺ നമ്പർ, ഡിഎംഒ അടക്കമുള്ളവരെ ബന്ധപ്പെടാനുള്ള നമ്പർ എന്നിവ രോഗിക്ക് നൽകണം. ചികിത്സാനിരക്കിലുണ്ടാകുന്ന മാറ്റങ്ങൾ കൃത്യമായി അപ്‌ഡേറ്റ് ചെയ്യണം. നിയമം പാലിച്ചില്ലെങ്കിൽ നടപടി സ്വീകരിക്കാമെന്നും കോടതി പറഞ്ഞു.രജിസ്‌ട്രേഷൻ റദ്ദാക്കൽ പിഴ ചുമത്തൽ തുടങ്ങിയ സിവിൽ ക്രിമിനൽ നടപടികൾ കേസിന്റെ സ്വഭാവമനുസരിച്ച് സ്വീകരിക്കാമെന്നും നിർദേശമുണ്ട്.
അടിയന്തരചികിത്സ ഉറപ്പാക്കുകയെന്നത് ആശുപത്രികളുടെ ഉത്തരവാദിത്വമാക്കുന്ന കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് (രജിസ്‌ട്രേഷൻ ആൻഡ് റെഗുലേഷൻ) നിയമവും ചട്ടവും ചോദ്യംചെയ്ത് നൽകിയ ഹർജികളിലാണ് ഹൈക്കോടതിയുടെ മാർഗനിർദേശം പുറത്തുവന്നിരിക്കുന്നത്. ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമാധികാരി, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് മാർഗനിർദേശം. കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്.
2010 ലെ കേന്ദ്ര നിയമത്തിന്റെ ചുവടു പിടിച്ച് കേരളത്തിലെ നിയമസഭയിൽ പാസ്സാക്കിയ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് ആക്ട് 2018 അനുസരിച്ച് ചികിത്സാ നിരക്കുകൾ രോഗിയെ അറിയിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇപ്പോൾ വന്ന ഹൈക്കോടതി നിർദേശമനുസരിച്ച് പ്രകാരം മലയാളത്തിലും ഇംഗ്ലീഷിലും രോഗിക്ക് ചിലവാകുന്ന തുക ആശുപത്രികളിൽ മുൻകൂട്ടി പരസ്യം ചെയ്തിരിക്കണം. 2018-ൽ സംസ്ഥാനസർക്കാർ പാസാക്കിയ നിയമം നേരത്തേ സിംഗിൾ ബെഞ്ച് ശരിവെച്ചിരുന്നു. ഓരോ രോഗത്തിന്റെയും ചികിത്സാനിരക്ക് പരസ്യപ്പെടുത്തണമെന്നതടക്കമുള്ള നിയമത്തിലെ വ്യവസ്ഥകൾ അപ്പീലിൽ ഐഎംഎയും കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷനും ചോദ്യം ചെയ്തിരുന്നു.
എന്നാൽ, ഈ നിയമം ഭരണഘടനാപരമാണെന്നും ഇടപെടാൻ കാരണമില്ലെന്നും കോടതി വ്യക്തമാക്കി. നിയമം നടപ്പാക്കാൻ നടപടിയെടുക്കാത്ത ഹർജിക്കാർക്ക് പിഴ ചുമത്തേണ്ടതായിരുന്നെന്നും എന്നാൽ, സിംഗിൾ ബെഞ്ച് ഇളവുനൽകി ഇടക്കാല ഉത്തരവിറക്കിയത് കൊണ്ട് ഇത് ഒഴിവാക്കുകയാണെന്നും കോടതി പറഞ്ഞു. വിധി നടപ്പാക്കാനുള്ള ആവശ്യമായ ഉത്തരവുകൾ സർക്കാർ പുറപ്പെടുവിക്കണമെന്നും നിർദേശമുണ്ട്. ഉത്തരവിലെ നിർദേശങ്ങൾ സർക്കാർ പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു.
















