ഇസ്ലാമാബാദ്: ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ജയിലിൽ കഴിയുന്ന തങ്ങളുടെ സഹോദരനും പാക് മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻ ഖാനെ കാണാൻ അനുമതി ലഭിച്ചെന്ന് സഹോദരി. ഇമ്രാൻ ഖാനെ പാർപ്പിച്ച അദിയാല ജയിലിന് മുന്നിൽ സഹോദരി അലീമ ഖാൻ സമരം നടത്തിയാണ് അനുമതി നേടിയെടുത്തത്.
ഇമ്രാൻ ജയിലിൽ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സഹോദരി ഇമ്രാൻ ഖാനെ സന്ദർശിക്കാൻ അനുമതി തേടിയത്. എന്നാൽ അനുമതി നിഷേധിച്ചതോടെ സഹോദരി അലീമ ഖാൻ സമരം ആരംഭിക്കുകയായിരുന്നു. ‘ജയിലിനുള്ളിൽ ഇമ്രാൻ ഖാന് ക്രൂര പീഡനം നേരിടേണ്ടി വരുന്നു, ഞങ്ങളെ അദ്ദേഹത്തെ കാണാൻ പോലും അനുവദിക്കുന്നില്ല’ എന്ന് നേരത്തേ ഇമ്രാൻ ഖാന്റെ സഹോദരിമാർ പരസ്യ പ്രസ്താവനയിൽ ആരോപിച്ചിരുന്നു.
ഇമ്രാൻ ഖാന് ക്രൂരമായ പീഡനങ്ങൾ അനുഭവിക്കേണ്ടി വരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ആയിരക്കണക്കിന് ഇമ്രാൻ അനുയായികൾ അഡിയാല ജയിലിനു മുന്നിൽ തടിച്ചുകൂടി പ്രതിഷേധം ആരംഭിച്ചിരുന്നു. ഇസ്ലാമാബാദ്, ലാഹോർ, കറാച്ചി തുടങ്ങിയ വിവിധ നഗരങ്ങളിൽ പ്രതിഷേധം നടന്നു. ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടതായും അഭ്യൂഹങ്ങൾ കൂടി പുറത്തുവന്നതോടെ പ്രതിഷേധം ചിലയിടങ്ങളിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങിയിരുന്നു.
















