തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് ശബരിമല തന്ത്രിമാർ എസ്എടിക്കു മുന്നിൽ മൊഴിനൽകി. ശബരിമല തന്ത്രിമാരായ കണ്ഠരര് രാജീവരുടെയും മോഹനരരുടെയും മൊഴിയാണ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. അതേസമയം നേരത്തേ അറസ്റ്റുചെയ്ത മുരാരിബാബുവിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.
ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമായിരുന്നുവെന്നാണ് തന്ത്രിമാരുടെ മൊഴി. സ്വര്‍ണപ്പാളി അറ്റകുറ്റപ്പണിക്ക് അനുമതി നൽകിയത് ഉദ്യോഗസ്ഥര്‍ പറഞ്ഞതുപ്രകാരമാണെന്നും ദൈവഹിതം നോക്കുക മാത്രമാണ് തന്ത്രിമാരുടെ ചുമതലയെന്നും തന്ത്രിമാർ പറഞ്ഞു.
എല്ലാം സ്വർണം തന്നെയാണ്, ചെമ്പല്ല. അടിഭാഗത്ത് മാത്രമാണ് കുറച്ചു മങ്ങൽ വന്നത്. ശബരിമലയിൽ വെച്ച് അറ്റകുറ്റപ്പണി നടത്താനാണ് താൻ അനുമതി കൊടുത്തത്. സ്വർണം പൂശാൻ പുറത്ത് കൊണ്ടുപോയത് തന്റെ അനുമതി വാങ്ങാതെയാണ്. താൻ നൽകിയ കത്തുകളിൽ സ്വർണ്ണം എന്നാണ് എഴുതിയിരിക്കുന്നത്. ദ്വാരപാലകശില്പങ്ങൾ ഉൾപ്പെടെ എല്ലാം സ്വർണമാണ്. 2019ൽ ആയാലും ഇപ്പോഴായാലും പുറത്തുകൊണ്ടുപോയി സ്വർണം പൂശാൻ താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
ദ്വാരപാലക ശിൽപ്പം സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് മുരാരി ബാബു പറയുന്നത് കള്ളമെന്ന് നേരത്തെ തന്ത്രി കണ്ഠര് രാജീവര് പ്രതികരിച്ചിരുന്നു. ദ്വാരപാലക ശിൽപ്പങ്ങൾ സ്വർണം പൂശുന്നതിനായി ചെന്നൈയിൽ കൊണ്ടുപോകാൻ താൻ അനുമതി കൊടുത്തിട്ടില്ലെന്നും തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. ശിൽപ്പങ്ങളുടെ കുറച്ചുഭാഗം നിറം മങ്ങിയെന്നും അറ്റകുറ്റപ്പണി നടത്താൻ അനുമതി വേണമെന്നും ഇങ്ങോട്ട് ആവശ്യപ്പെട്ടതാണെന്നും ഇങ്ങോട്ട് എഴുതി ചോദിച്ചതിന്‍റെ മറുപടി മാത്രമാണ് കൊടുത്തതെന്നും രാജീവര് വ്യക്തമാക്കിയിരുന്നു.
ശബരിമല സ്വർണക്കൊള്ളയിൽ നേരത്തേ അറസ്റ്റിലായ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആദ്യ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനാണ് മുരാരി ബാബു. 2019 മുതൽ 2024 വരെയുള്ള കാലത്ത് സ്വർണപാളികളും കട്ടിളപാളികളും പുറത്ത് കൊണ്ടുപോയ സംഭവത്തിലായിരുന്നു അറസ്റ്റ്. അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി ശശിധരൻ നേരിട്ടെത്തിയായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്.
















