തിരുവനന്തപുരം: ലേബർ കോഡ് സംബന്ധിച്ച് മാധ്യമങ്ങൾ തെറ്റായ വാർത്ത കൊടുക്കുന്നുവെന്ന് ശിവൻകുട്ടി പറഞ്ഞു. കോഡ് അതേപടി നടപ്പാക്കാൻ കേരളം തയ്യാറാകില്ലെന്നും വിഷയം ചർച്ച ചെയ്യാൻ നാളെ ട്രേഡ് യൂണിയനുകളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചട്ടങ്ങൾ രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്ക് മേൽ കടുത്ത സമ്മർദ്ദം ഉണ്ടായെന്നും എന്നാൽ കോഡ് അതേപടി നടപ്പാക്കാൻ കേരളം തയ്യാറായില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
പുതിയ തൊഴിൽ നിയമങ്ങളിലെ പ്രശ്നങ്ങൾ
ഒറ്റ നോട്ടത്തിൽ തൊഴിലാളി സൗഹൃദമെന്നു തോന്നുന്ന നിർദേശങ്ങൾ പുതിയ ലേബർ കോഡിലുണ്ട്. എന്നാൽ തൊഴിലാളികളുമായോ പാർലമെന്റിലോ ചർച്ച നടത്താതെ പ്രാബല്യത്തിൽ കൊണ്ടുവന്ന ലേബർകോഡ് നിരവധി പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാവുന്നതാണ്. ഇതാണ് രാജ്യത്തെ ട്രേഡ് യൂണിയനുകൾ ഈ വിഷയത്തിൽ പ്രതികരിക്കാനുള്ള കാരണം.
ഇതിൽ പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്ന് വ്യാവസായികബന്ധ കോഡുമായി ബന്ധപ്പെട്ടതാണ്. മുൻപ് 100 ജീവനക്കാരുള്ള കമ്പനികൾക്കാണ് കൂട്ടപ്പിരിച്ചുവിടലിനും തൊഴിൽ വെട്ടിച്ചുരുക്കലിനും സ്ഥാപനം പൂട്ടുന്നതിനും സർക്കാരിൽ നിന്ന് അനുമതി വാങ്ങേണ്ടിയിരുന്നത്. ഇനി മുതൽ 300 പേരെങ്കിലുമുള്ള കമ്പനികൾക്കുമാത്രം മതിയാകും അനുമതിയെന്നാണ് ലേബർകോഡിൽ പറയുന്നത്. ഇന്ത്യയിലെ 95 ശതമാനം സ്ഥാപനങ്ങളിലും തൊഴിൽ സുരക്ഷിതത്വം ഇല്ലാതാക്കുന്നതാണ് ഈ നയം.
യൂണിയനുകളെ നയിക്കാനായി പുറത്തുനിന്നുള്ളവരെ ഉൾപ്പെടുത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നതാണ് മറ്റൊരു പ്രധാന നിർദേശം. നിലവിൽ നിയമ വ്യവസ്ഥയുമായി ബന്ധപ്പെട്ടവർക്കോ മേഖലയിൽ മുൻപരിചയമുള്ള പൊതുപ്രവർത്തകർക്കോ തൊഴിലാളികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കാൻ കഴിയുമായിരുന്നു. എന്നാൽ പുതിയ ലേബർകോഡ് വന്നതോടെ യൂണിയനുകളുടെ പ്രവർത്തനം കമ്പനികൾക്കുള്ളിൽ മാത്രം ഒതുങ്ങും. ഇത്തരത്തിൽ കമ്പനിക്കുള്ളിൽ നടക്കുന്ന തൊഴിലാളികൾക്കെതിരായ നീക്കങ്ങൾ പുറംലോകമറിയാതിരിക്കാനും ലേബർകോഡ് കാരണമാകും. കരാർ തൊഴിലാളികളെ(ഗിഗ് വർക്കേഴ്സ്) നിയമിച്ച് എതിർശബ്ദങ്ങളെ അടിച്ചമർത്താനാകുമെന്നതും ലേബർകോഡിലെ പ്രശ്നമാണ്.
സ്ത്രീ സമത്വം എന്ന പേരിൽ ലേബർ കോഡിൽ നിർദേശിച്ച ഏത് അപകടകരമായ സ്ഥലത്തും സ്ത്രീകൾക്ക് അവരുടെ സമ്മതപ്രകാരം ജോലി ചെയ്യാനുള്ള അവകാശവും വിമർശിക്കപ്പെടുന്നുണ്ട്. ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന ഈ നയം സ്ത്രീകളെയും ഏതു ഷിഫ്റ്റുകളിലും ഏതു സ്ഥലത്തും നിയമിക്കാൻ കമ്പനിക്ക് അവസരമൊരുക്കുന്നതാണെന്നാണ് സാമൂഹിക നിരീക്ഷകർ പറയുന്നത്.
















