Homepage Featured Kerala News

എസ്എസ്കെ ഫണ്ട് ആവശ്യപ്പെട്ട് വീണ്ടും കേന്ദ്രത്തിന് കത്ത്; എസ്ഐആര്‍ പ്രവർത്തനങ്ങൾക്ക് സ്കൂൾ കുട്ടികളെ ഉപയോഗിക്കുന്ന സംഭവം അംഗീകരിക്കാനാകില്ല: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: എസ്എസ്കെ ഫണ്ട് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വീണ്ടും കത്തയച്ചു. എസ്എസ്കെ ഫണ്ട് ഉടൻ അനുവദിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടര വർഷകാലമായി കേന്ദ്രസർക്കാർ എസ് എസ് കെ ഫണ്ട് അനുവദിക്കുന്നില്ല.

വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ചുള്ള ഫണ്ടും ഭിന്നശേഷി വിദ്യാർഥികൾക്കുള്ള ഫണ്ടും ഉടൻ അനുവദിക്കണം. 2025-26 വർഷത്തിൽ 456 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ, ഇതിൽ ഒന്നാം ഗഡുവായ 92.41 കോടി രൂപ മാത്രമാണ് ലഭിച്ചത്. 440.87 കോടി രൂപയാണ് 2023-24 ൽ ലഭിക്കാനുള്ളത്. ആകെ 1158 കോടി രൂപയാണ് ലഭിക്കേണ്ടത്. ഈ തുക ഉടൻ ലഭിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഫണ്ട് ഇത്തരത്തിൽ തടഞ്ഞുവെക്കുന്നതിൽ സംസ്ഥാന ബിജെപി നേതൃത്വത്തിനും സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിമാർക്കും പങ്കുണ്ട്.

ഇവർ ഇതിൽ മറുപടി പറയണം. അല്ലെങ്കിൽ ന്യായമായി ലഭിക്കാനുള്ള പണം കിട്ടുന്നതിനുള്ള ഇടപെടലുകൾ നടത്തണം. തനിക്ക് കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പറയുന്നത്. എസ്ഐആര്‍ പ്രവർത്തനങ്ങൾക്ക് സ്കൂൾ കുട്ടികളെ ഉപയോഗിക്കുന്ന സംഭവം അംഗീകരിക്കാനാകില്ലെന്നും ശിവൻകുട്ടി പറഞ്ഞു.

കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുന്ന രീതിയിൽ ഒരു കാരണവശാലും ഇത്തരത്തിലുള്ള ഉത്തരവാദിത്വങ്ങൾ കുട്ടികളിൽ ഏൽപ്പിക്കാൻ പാടില്ല. വിദ്യാർത്ഥികൾ ഉപയോഗിക്കാനുള്ള നീക്കം അംഗീകരിക്കാൻ പറ്റില്ല. വിദ്യാർത്ഥികളുടെ പഠനത്തെ അത് ബാധിക്കും. കുട്ടികളെ മറ്റു പരിപാടികൾക്ക് ഉപയോഗിക്കാൻ പാടില്ല. കുട്ടികളെ എസ്ഐആര്‍ ജോലിക്ക് ഉപയോഗിക്കാതിരിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.

കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ലംഘിക്കപ്പെടാൻ പാടില്ല. തിരുവനന്തപുരം ജില്ലാ കളക്ടറെ ബന്ധപ്പെട്ടിട്ടുണ്ട്. കുട്ടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. ഓഫീസ് ജോലികൾക്ക് കുട്ടികളെ ഉപയോഗിക്കാൻ പാടില്ല. നിലവിൽ തെരഞ്ഞെടുപ്പ് ജോലിക്ക് മികച്ച സഹകരണമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നൽകുന്നത്.

Related Posts