Homepage Featured India News

മാവോയിസ്റ്റുകൾ സായുധ പോരാട്ടം അവസാനിപ്പിക്കും; ഫെബ്രുവരി 15 വരെ സമയം തേടി മുഖ്യമന്ത്രിമാർക്ക് കത്ത്

ഡൽഹി: രാജ്യത്തെയും ലോകത്തെയും സാഹചര്യങ്ങൾ മാറുന്ന പാശ്ചാത്തലത്തിൽ ആയുധം ഉപേക്ഷിക്കാനുള്ള തീരുമാനമെടുക്കുന്നുവെന്ന് മാവോയിസ്റ്റുകൾ. ഇതിനായി മൂന്നുമാസത്തെ സമയവും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാ‍ർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റ് അം​ഗങ്ങളാണ് സായുധ പോരാട്ടം അവസാനിപ്പിക്കാൻ ഫെബ്രുവരി 15 വരെ സമയം ആവശ്യപ്പെട്ടത്. മൂന്നു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് ഇക്കാര്യം കാണിച്ച് സ്പെഷ്യൽ സോണൽ കമ്മിറ്റി വക്താവ് അനന്ത് കത്തു നൽകി. മഹാരാഷ്‌ട്ര, ഛത്തീസ്‍​ഗഢ്, മധ്യപ്രദേശ് മുഖ്യമന്ത്രിമാർക്കാണ് അനന്ത് കത്തു നൽകിയത്.

പലയിടങ്ങളിലായുള്ള മാവോയിസ്റ്റുകൾക്ക് കീഴടങ്ങൽ സന്ദേശമെത്തിച്ച് ബോധ്യപ്പെടുത്താനാണ് സമയം ആവശ്യപ്പെടുന്നതെന്നാണ് കത്തിൽ പറയുന്നത്. ആയുധമുപേക്ഷിക്കാനുള്ള പാർട്ടി സെൻട്രൽ കമ്മിറ്റി ആൻഡ് പോളിറ്റ്ബ്യൂറോ അംഗം സോനുവിന്റെ തീരുമാനത്തിന് അം​ഗീകാരം നൽകിയെന്ന് കത്തിൽ അനന്ത് പറഞ്ഞു. ആയുധമുപേക്ഷിച്ച് പാർട്ടിയെ സംരക്ഷിക്കുമെന്ന് മാവോയിസ്റ്റ് നേതാവായ മാല്ലോജൂല വേണുഗോപാൽ റാവു അറിയിച്ചതായും കത്തിൽ പറയുന്നുണ്ട്.

പാർട്ടി തീരുമാനത്തെ അംഗീകരിക്കുന്നതിന്റെ ഭാഗമായി ഡിസംബർ 2ന് പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി വാരം ആഘോഷിക്കില്ലെന്നും കത്തിലൂടെ അറിയിക്കുന്നുണ്ട്. പാർട്ടി സെൻട്രൽ കമ്മിറ്റി ആൻഡ് പോളിറ്റ്ബ്യൂറോ അംഗം സോനു ഒക്ടോബറിൽ മഹാരാഷ്ട്രയിൽ കീഴടങ്ങിയിരുന്നു. കഴിഞ്ഞ ആഴ്ച നക്സൽ നേതാവായ മാധവി ഹ്ദ്മ ആന്ധ്ര പ്രദേശിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

Related Posts