ഡൽഹി: പ്രപഞ്ചത്തെക്കുറിച്ചുള്ള ഒട്ടേറെ കണ്ടെത്തലുകളിലേക്ക് നയിക്കാവുന്ന സംയുക്ത പദ്ധതിക്കായി കൈകോർത്ത് ഇന്ത്യയും ജപ്പാനും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ടെലിസ്കോപ്പുകളൊന്നായ ടിഎംടി(തേര്‍ട്ടി മീറ്റര്‍ ടെലിസ്‌കോപ്പ്) നിർമിക്കാനാണ് ഇരുരാജ്യങ്ങളും കൈകോർക്കുന്നത്. അന്യഗ്രഹജീവികൾ ഉണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം നടത്തുക, തമോഗർത്തങ്ങൾ, വിദൂര ഗാലക്സികൾ തുടങ്ങിയവയെക്കുറിച്ച് പഠനം നടത്തുക തുടങ്ങിയ നിരവധി ദൗത്യങ്ങൾക്കായാണ് ടെലിസ്കോപ്പ് നിർമിക്കുന്നത്.
പ്രപഞ്ച പര്യവേക്ഷണത്തിനായി ടിഎംടിയിലൂടെ ഇന്ത്യയും ജപ്പാനും കൈകോർക്കുമ്പോൾ, ഭൂമിക്കു പുറത്ത് ജീവൻ നിലനിൽക്കുന്നുണ്ടെങ്കിൽ അത് കണ്ടെത്താനുള്ള സ്വപ്നം യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നതായാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. ടെലിസ്കോപ്പിന്റെ നിർമാണത്തിന് അത്യാവശ്യമായ 500 ഓളം വരുന്ന മിററുകൾ വിന്യസിക്കുന്നതിനുള്ള ഒപ്റ്റോ-മെക്കാനിക്കൽ സംവിധാനങ്ങൾ വികസിപ്പിക്കുകയെന്നതാണ് ഇന്ത്യ ഏറ്റെടുത്ത ദൗത്യം.
ഈ പദ്ധതിയിൽ ഇന്ത്യയുടെ പങ്കാളിത്തത്തിനായി 2014 ൽ തന്നെ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി നൽകിയിരുന്നു. ടിഎംടി നിർമാണത്തിൽ ഇന്ത്യയുടെ മൂന്ന് സ്ഥാപനങ്ങളാണ് പങ്കാളികളാകുന്നത്. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് (IIA), പൂനെയിലെ ഇന്റർ-യൂണിവേഴ്സിറ്റി സെന്റർ ഫോർ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് (IUCAA), നൈനിറ്റാളിലെ ആര്യഭട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഒബ്സർവേഷണൽ സയൻസസ് (ARIES) എന്നീ സ്ഥാപനങ്ങളാണ് പദ്ധതിയുടെ ഭാഗമാകുന്നത്.
ജപ്പാനിലെ ഹവായിയിലെ മൗന കിയയിലാണ് ടിഎംടി ഒരുക്കുക. സമുദ്രനിരപ്പിൽ നിന്ന് 4,000 മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം. ജപ്പാനിൽ 25 വർഷത്തിലേറെയായി 8.2 മീറ്റർ ടെലിസ്കോപ്പ് പ്രവർത്തിക്കുന്നുണ്ട്. ഇതോടൊപ്പമാണ് ജപ്പാനിൽ 30 മീറ്റർ ടെലിസ്കോപ്പും ഒരുങ്ങുന്നത്. ജ്യോതിശാസ്ത്ര നിരീക്ഷണത്തിനുള്ള ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്നാണിതെന്ന് ജപ്പാനിലെ കാബിനെറ്റ് ഓഫീസിലെ നാഷണൽ സ്പേസ് പോളിസി കമ്മിറ്റി ചെയർമാൻ ഡോ. സാകു സുനെറ്റ പറഞ്ഞു. 2030 ഓടെ പദ്ധതി പൂർത്തിയാകുമെന്നും സുനേറ്റ പറഞ്ഞു.
















