പത്തനംതിട്ട: ശബരിമലയിൽ പായസവും പപ്പടവുമുൾപ്പെടെയുള്ള സദ്യയൊരുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് ജയകുമാർ. നേരത്തെ ഉച്ചയ്ക്ക് മെനുവിൽ ഉണ്ടായിരുന്നത് പുലാവും സാമ്പാറുമായിരുന്നു. ഇത് മാറ്റി കേരളീയമായ സദ്യ കൊടുക്കണമെന്നാണ് തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജയകുമാർ.
നല്ല ഭക്ഷണം നൽകാൻ ഭക്തന്മാർ തന്നെ തരുന്ന പണമാണെന്നും ദേവസ്വം ബോർഡിന്റെ പണമല്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ മെനു അനുസരിച്ചുള്ള ഭക്ഷണം രണ്ടുദിവസത്തിനകം പമ്പയിൽ ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു. പന്തളത്തെ അന്നദാനത്തിലും മാറ്റം വരുമെന്ന് ജയകുമാർ പറയുന്നു.
ഡിസംബർ 18 ന് മാസ്റ്റർപ്ലാൻ കമ്മിറ്റിയുടെ യോഗം ചേരുമെന്നും അടുത്ത തവണത്തെ ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി മാസ്റ്റർപ്ലാൻ കൊണ്ട് ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി മുതൽ അടുത്ത വർഷത്തേക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ അറിയിച്ചു.
















