Homepage Featured India News

സുപ്രീംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റിസ്; ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് ചുമതലയേറ്റു

ന്യൂഡൽഹി: ഇന്ന് ഇന്ത്യയുടെ 53-ാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേറ്റു. ഹരിയാനയിലെ സാധാരണ ഗ്രാമീണ പശ്ചാത്തലത്തിൽ നിന്ന് കോടതി നിരയിലെ ഉയർന്ന പദവിയിലേക്കുയരുന്ന 63കാരനായ ജസ്റ്റിസ് സൂര്യകാന്ത് നിരവധി നിർണായക വിധിന്യായങ്ങൾക്ക് നേതൃം വഹിച്ചിട്ടുള്ള വ്യക്തിയാണ്. ഹരിയാനയിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ വ്യക്തി എന്ന വിശേഷണവും അദ്ദേഹത്തിനാണ്.

കഠിനാധ്വാനത്തിനും ജോലിനൈതികതയ്ക്കും പേരുകേട്ട ജസ്റ്റിസ് സൂര്യകാന്ത് ഹിസാർ ജില്ലയിലെ പെറ്റ്വാർ ഗ്രാമത്തിലാണ് ജനിച്ചത്. ഹിസാറിലെ ജില്ലാ കോടതികളിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ച അദ്ദേഹം പിന്നീട് പഞ്ചാബ്–ഹരിയാന ഹൈക്കോടതിയിലേക്ക് മാറി. 2000 ജൂലൈനാണ് 38-ാം വയസ്സിൽ ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കേറ്റ് ജനറലായി നിയമിതനാകുന്നത്. 2004 ൽ 42-ാം വയസ്സിൽ പഞ്ചാബ്–ഹരിയാന ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി നിയമിതനായ അദ്ദേഹം 14 വർഷത്തോളം ആ പദവിയിൽ തുടർന്നു. 2018ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായ അദ്ദേഹം 2019ൽ സുപ്രീംകോടതിയിൽ എത്തി.

നാല് പതിറ്റാണ്ടോളം നീണ്ട നിയമജീവിതത്തിൽ ജസ്റ്റിസ് സൂര്യകാന്ത് പല ചരിത്രപരമായ വിധികളും പ്രസ്താവിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കൽ ശരിവെച്ച ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായതും, ഇലക്ടറൽ ബോണ്ട്, പെഗാസസ് ചാരസോഫ്റ്റ്‌വെയർ തുടങ്ങിയ നിർണ്ണായക വിഷയങ്ങളിലെ വിധികളിൽ പങ്കെടുത്തതും ശ്രദ്ധേയമാണ്. രാജ്യദ്രോഹ നിയമം പുനഃപരിശോധിക്കുന്നതുവരെ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യരുതെന്ന് സർക്കാരിനോട് നിർദേശിച്ച ഉത്തരവും, കേണൽ സോഫിയ ഖുറേഷിക്കെതിരെ മധ്യപ്രദേശ് മന്ത്രി വിജയ് ഷാ നടത്തിയ പരാമർശങ്ങളെ വിമർശിച്ച് അഭിപ്രായസ്വാതന്ത്ര്യത്തിന് പരിധികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ വിധിയും അദ്ദേഹത്തിൻ്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് പുറപ്പെടുവിച്ചത്.

ഇന്ന് ചുമതലയേൽക്കുന്ന ജസ്റ്റിസ് സൂര്യകാന്തിന്റെ കാലാവധി സുപ്രീംകോടതിയുടെ പ്രവർത്തനരീതിയിലും പ്രധാന ഭരണഘടനാ വിഷയങ്ങളിലും നിർണായക സ്വാധീനം ചെലുത്തുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.

Related Posts