ശബരിമല: അയ്യപ്പനുവേണ്ടി ശബരിമലയിൽ പാല് ചുരത്തുകയാണ് ഗോശാലയിലെ പശുക്കള്‍. വെച്ചൂര്‍, ജേഴ്സി, എച്ച്എഫ് ഇനങ്ങളില്‍പ്പെട്ട ചെറുതും വലുതുമായ 18 പശുക്കൾ നിലവിൽ ശബരിമല ഗോശാലയിലുണ്ട്. ഗോശാലയിലെ പശുക്കളിൽ നിന്ന് ലഭിക്കുന്ന ശുദ്ധമായ പാലാണ് ശബരിമലയിലെ ശ്രീകോവിലിൽ ദൈനംദിന പൂജകള്‍ക്കും നിവേദ്യത്തിനും ഉപയോഗിക്കുന്നത്.
കഴിഞ്ഞ 10 വര്‍ഷമായി ഇവിടെയുള്ള ഗോക്കളെ പരിപാലിക്കുന്നത് പശ്ചിമ ബംഗാള്‍ സ്വദേശിയായ ആനന്ദ സമന്തയാണ്. ഒരു നിയോഗം പോലെ കൈവന്ന അവസരത്തെ ഭക്തിയോടെ ഏറ്റെടുത്തിരിക്കുകയാണ് ആനന്ദ.
പുലര്‍ച്ചെ ഒരു മണിയോടെ തന്നെ ഗോശാല ഉണരും. മൂന്നിന് ക്ഷേത്ര നട തുറക്കുന്നതിന് മുന്നേ തന്നെ പാല് കറന്നെത്തിക്കണം. ആദ്യം തൊഴുത്ത് വൃത്തിയാക്കും. തുടര്‍ന്ന് പശുക്കളെ കുളിപ്പിക്കും. പിന്നീടാണ് പ്രര്ത്ഥനയോടെയുള്ള പാല് കറന്നെടുക്കല്‍. രണ്ടുമണിയോടെ കറവ പൂര്‍ത്തിയാക്കി, ഇത് സന്നിധാനത്ത് എത്തിക്കും. അഭിഷേകത്തിനും നിവേദ്യത്തിനുമാണ് പാൽ ഉപയോഗിക്കുന്നത്.
വന്‍ തീര്‍ത്ഥാടനത്തിരക്കുള്ള ശബരിമലയില്‍ അതൊന്നും ബാധിക്കാത്ത വിധം ശാന്തമായ അന്തരീക്ഷത്തിലാണ് പ്രവര്‍ത്തനമെന്ന പ്രത്യേകത ഗോശാലയ്ക്കുണ്ട്. വെളിച്ചവും ഫാനും ഉള്‍പ്പെടെയുള്ള അനുബന്ധ സൗകര്യങ്ങളും ഗോശാലയില്‍ സജ്ജമാക്കിയിട്ടുണ്ട്. പശുക്കള്‍ക്കൊപ്പം ഒരു ആടും അതിഥിയായി ഇവിടെ കഴിഞ്ഞുവരുന്നുണ്ട്.
















