ഡൽഹി: നിശ്ചിത സമയത്തിനുള്ളിൽ എസ്ഐആർ പൂർത്തിയാക്കാത്തതിനാൽ ഡൽഹി നോയിഡയിൽ 60 ബിഎൽഒമാർക്കെതിരെയും ഏഴ് സൂപ്പർവൈസർമാർക്കെതിരെയും പൊലീസ് കേസെടുത്തു. ഗ്രേറ്റർ നോയിഡ ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ജനപ്രാതിനിധ്യ നിയമത്തിലെ 32-ാം വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്.
കേരളത്തിലടക്കം വിവിധ സംസ്ഥാനങ്ങളിൽ ബിഎൽഒമാരുടെ പ്രശ്നങ്ങൾ ചർച്ചയാകുന്നതിനിടെയാണ് രാജ്യ തലസ്ഥാനത്ത് ബിഎൽഒമാർക്കെതിരെ കളക്ടർ നടപടിക്ക് നിർദേശം നൽകിയിരിക്കുന്നത്. കണ്ണൂരിലെ ഒരു സ്കൂളിലെ പ്യൂണായിരുന്ന അനീഷ് ജോർജ് ജോലിഭാരം താങ്ങാനാകാതെ ആത്മഹത്യ ചെയ്തിരുന്നു. ചെയ്തുവരുന്ന ജോലിയിൽ നിന്ന് തികച്ചും വ്യത്യസ്ഥമായ ജോലി ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ നിർദേശിച്ചതായിരുന്നു അനീഷിനെ സംഘർഷത്തിലാക്കിയത്.
ഗുജറാത്തിലും പശ്ചിമബംഗാളിലും ബിഎൽഒമാർ ജോലി സമ്മർദത്തെ തുടർന്ന് ജീവനൊടുക്കിയ സംഭവങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. ഇതിനിടെയാണ് ഡൽഹിയിൽ ബിഎൽഒമാർക്കെതിരെയും സൂപ്പർവൈസർമാർക്കെതിരെയും പൊലീസ് കേസെടുത്തിരിക്കുന്നത്.
















