തിരുവനന്തപുരം: മുൻ എം എൽ എ പി വി അൻവറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ചോദ്യം ചെയ്തേക്കും. ഈ ആഴ്ച അൻവറിനോട് കൊച്ചിയിലെ സോണൽ ഓഫീസിൽ നേരിട്ട് ഹാജരാകാൻ നിർദേശം നൽകും. കളളപ്പണ നിരോധന നിയമപ്രകാരം അൻവറിന്റെ മലപ്പുറം ഒതായിയിലെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്‍ഡ് നടത്തിയിരുന്നു. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പി വി അന്‍വര്‍ 12 കോടി വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്നാണ് പരാതിയുമായി ബന്ധപ്പെട്ടാണ് അന്വേഷണം.
2015 ലാണ് പിവി അൻവറും സഹായി സിയാദും ചേര്‍ന്ന് 12 കോടി രൂപ കടമെടുത്തത്. അഞ്ചു കോടിയുടെ മുകളിലേക്കുള്ള സാമ്പത്തിക തിരിമറി ആയതിനാലാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത്. പിവി അൻവറിന് ദുരൂഹ ബിനാമി ഇടപാടുകളുണ്ടെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. സ്വത്തുവിവരങ്ങൾ സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം നൽകാൻ അൻവറിനായില്ലെന്നും കേരളാ ഫിനാൻഷ്യൽ കോർപറേഷനിൽ ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് അൻവറിന് ലോൺ ലഭിച്ചതെന്നാണ് ആണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. പലിശയടക്കം 22 കോടി രൂപയാണ് ഇപ്പോള്‍ പിവി അൻവർ കെഎഫ്സിക്ക് തിരികെ അടയ്ക്കാനുള്ളത്.
കൊല്ലത്തെ വ്യവസായിയും പ്ലാന്‍ററുമായ മുരുഗേഷ് നരേന്ദ്രന്‍റെ പരാതിയെ തുടര്‍ന്നായിരുന്നു വിജിലന്‍സ് അന്വേഷണം. കളളപ്പണ ഇടപാടില്‍ അന്‍വറിനെതിരെ ചില തെളിവുകള്‍ മുരുഗേഷ് നരേന്ദ്രൻ ഇഡിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. എന്നാൽ വായ്പയുമായി ബന്ധപ്പെട്ടാണ് തനിക്കെതിരെ കേസുള്ളതെന്നും ഇത് എങ്ങിനെയാണ് കള്ളപ്പണക്കേസാകുന്നതെന്ന് തനിക്കറിയില്ലെന്നും മുൻ എംഎൽഎ പിവി അൻവർ പറഞ്ഞു.
















