കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട അധ്യാപകനെ സ്കൂൾ മാനേജ്മെന്റ് പിരിച്ചുവിട്ടു. 10 വയസുകാരിയെ സ്കൂളിൽവെച്ച് പീഡിപ്പിച്ച കേസിൽ വിധി വന്നതോടെ പ്രതിക്കെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടി നടപടി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് സ്കൂൾ മാനേജ്മെന്റ് അധ്യാപകനായ കെ പത്മരാജനെ പുറത്താക്കിയത്. കേസിൽ തലശ്ശേരി പോക്സോ കോടതി പത്മരാജനെ മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ബിജെപി നേതാവാണ് പ്രതി കെ പത്മരാജൻ.
നാലാം ക്ലാസുകാരിയെ സ്കൂളിലെ ശുചിമുറിയിൽ വച്ച് മൂന്ന് ദിവസങ്ങളിലായി ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് മരണം വരെ ജീവപര്യന്തം ശിക്ഷയും പോക്സോ കേസിൽ 40 വർഷം തടവും രണ്ടര ലക്ഷം രൂപ പിഴയും നൽകാനാണ് വിധി. തലശ്ശേരി അതിവേഗ കോടതിയാണ് കെ പത്മരാജനെതിരെ ശിക്ഷ വിധിച്ചത്.
ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും പിന്നീട് പ്രത്യേക അന്വേഷണസംഘവും നടത്തിയ അന്വേഷണത്തിലാണ് അഞ്ചുവർഷത്തിനു ശേഷം ശിക്ഷ വിധിച്ചത്. 376 എബി, ബലാത്സംഗം, പോക്സോ ആക്ട് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡിവൈഎസ്പി ആയിരുന്ന ടി കെ രത്നകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം ശേഖരിച്ച ശാസ്ത്രീയ തെളിവുകളാണ് കേസിൽ വഴിത്തിരിവായത്.
















