മാനന്തവാടി: 3 കോടി രൂപയുടെ മാനന്തവാടി കുഴൽപ്പണക്കേസിൽ മുഖ്യപ്രതി സൽമാന് പൊലീസ് സബ് ഇൻസ്പെക്ടറുമായി ബന്ധം. സല്മാന് പൊലീസ് സബ് ഇന്‍സ്പെക്ടറെ ഫോണില്‍ വിളിച്ചതായി കസ്റ്റംസ് സ്ഥിരീകരിച്ചിട്ടുണ്ട്. കുഴൽപ്പണക്കേസിൽ ഉദ്യോഗസ്ഥൻ നേരിട്ടോ അല്ലാതെയോ സഹായിച്ചോ എന്ന് കസ്റ്റംസ് പരിശോധിച്ചുവരികയാണ്.
ബംഗളൂരുവിൽ നിന്ന് വടകരയിലേക്ക് കുഴൽപ്പണം കടത്തുന്നതിനിടെ മാനന്തവാടിയിൽ വെച്ച് മൂന്നുപേരടങ്ങുന്ന സംഘം പൊലീസ് പിടിയിലായിരുന്നു. പരിശോധനയില്‍ കാറിന്റെ രഹസ്യ അറയില്‍ നിന്നാണ് രൂപ കണ്ടെത്തിയത്. ആസിഫ്, റസാക്ക്, മുഹമ്മദ് ഫാസില്‍ എന്നിവരാണ് പിടിയിലായത്. മുഖ്യസൂത്രധാരനായ സല്മാന്, സുഹൃത്ത് മുഹമ്മദ് എന്നിവർ പിന്നീട് കസ്റ്റംസ് പിടിയിലായി.
വടകര കണ്ടിയില്‍വീട്ടില്‍ സല്മാന് (36) നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബംഗളൂരുവിലെ കെആർ നഗറിൽ നിന്ന് രണ്ടുപേർ പണം മൂന്നംഗ സംഘത്തിന് കൈമാറിയത്. വടകര അമ്പലപറമ്പത്ത് വീട്ടില്‍ ആസിഫ് (24), വടകര പുറത്തൂട്ടയില് വീട്ടില്‍ റസാക്ക് (38), വടകര ചെട്ടിയാംവീട്ടില്‍ മുഹമ്മദ് ഫാസില്‍ (30) എന്നിവർക്കായിരുന്നു പണം കൈമാറിയത്. ഇവർ ഈ പണവുമായി വരുന്നതിനിടെയാണ് മാനന്തവാടിയിൽ വെച്ച് പിടിയിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ
താമരശ്ശേരി പുറാക്കല്‍ വീട്ടില്‍ മുഹമ്മദിനോടൊപ്പം സല്‍മാനും പൊലീസ് പിടിയിലായി. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
















