ഡൽഹി:രാജ്യത്ത് തൊഴിൽ നിയമങ്ങളിൽ സമഗ്ര മാറ്റവുമായി ലേബർ കോഡുകൾ പ്രാബല്യത്തിൽ. 2019-20 കാലയളവിൽ പാർലമെന്റ് പാസാക്കിയ നാല് കോഡുകളും ബന്ധപ്പെട്ട നിയമങ്ങളും വെള്ളിയാഴ്ച കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്. സ്ത്രീകൾക്കുള്ള തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ മാധ്യമങ്ങളോട് പറഞ്ഞു. ലേബർ കോഡുകൾ ‘ജെന്റർ ന്യൂട്രൽ’ ആണെന്നും അദ്ദേഹം പറഞ്ഞു.
“തൊഴിൽ നിയമങ്ങൾ സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കുകയും ലിംഗഭേദമില്ലാതെ പ്രവർത്തിക്കുകയും ചെയ്യുന്നു,” കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. വെള്ളിയാഴ്ച പ്രാബല്യത്തിൽ വന്ന നാല് ലേബർ കോഡുകളിലെ വ്യവസ്ഥകൾ പ്രകാരം, ഒരു വർഷത്തെ തുടർച്ചയായ സേവനത്തിന് ശേഷം എല്ലാ സ്ഥിരം ജീവനക്കാരും ഗ്രാറ്റുവിറ്റിക്ക് അർഹരാകും. മുമ്പ് ഇത് അഞ്ച് വർഷമായിരുന്നു. കൂടാതെ, ചില ഷെഡ്യൂൾ ചെയ്ത വ്യവസായങ്ങളിലെ തൊവിലാളികൾക്കായിരുന്നു നേരത്തേ ദേശീയ മിനിമം വേദനം ഉറപ്പു വരുത്തിയിരുന്നതെങ്കിൽ ഇനി മുതൽ എല്ലാ തൊഴിലാളികളെയും ദേശീയ മിനിമം വേതന വ്യവസ്ഥകളിൽ ഉൾപ്പെടുത്തും.
എന്നാൽ ഈ ലേബർ കോഡുകളിൽ പറഞ്ഞിരിക്കുന്ന ഗിഗ്, ജോലികളുമായി ബന്ധപ്പെട്ട പരാമർശങ്ങളിൽ തൊഴിലാളികൾക്ക് ആശങ്കയുണ്ട്. 2020 ലെ സോഷ്യൽ സെക്യൂരിറ്റി കോഡിന്റെ സെക്ഷൻ 2(35) അനുസരിച്ചാണ് രാജ്യത്തെ ലേബർകോഡിൽ ഒരു ഗിഗ് വർക്കറെപ്പറ്റി പരാമർശിക്കുന്നത്. പരമ്പരാഗത തൊഴിലുടമ-ജീവനക്കാരൻ ബന്ധത്തിന് പുറത്തുള്ള ഒരു വർക്ക് അറേഞ്ച്‌മെന്റിൽ പ്രവർത്തിക്കുകയും അത്തരം പ്രവർത്തനങ്ങളിൽ നിന്ന് വരുമാനം നേടുകയും ചെയ്യുന്ന വ്യക്തിയാണ് ഗിഗ് വർക്കറെന്ന് ലേബർകോഡിൽ പറയുന്നു.
40 വയസ്സിനു മുകളിലുള്ള തൊഴിലാളികൾക്ക് തൊഴിലുടമകൾ സൗജന്യ വാർഷിക മെഡിക്കൽ പരിശോധനകൾ നിർബന്ധമാക്കണമെന്ന് ലേബർകോഡിൽ പറയുന്നുണ്ട്.
നിശ്ചിത കാലത്തേക്ക് നിയമിക്കുന്ന ജീവനക്കാർക്ക് സ്ഥിരം തൊഴിലാളികൾക്കുള്ള അതേ ആനുകൂല്യങ്ങൾ ലഭിക്കുമെന്നും ലേബർ കോഡിൽ പറയുന്നുണ്ട്. എല്ലാ കമ്പനികളും കൃത്യസമയത്ത് ശമ്പളം നൽകണമെന്ന് കോഡിൽ ആവശ്യപ്പെടുന്നുണ്ട്, ഐടി കമ്പനികൾ എല്ലാ മാസവും ഏഴാം തീയതിക്കകം ശമ്പളം നൽകണം.
2019-20 കാലയളവിൽ, പാർലമെന്റ് 29 പഴയ നിയമങ്ങൾക്ക് പകരമായി വേതന കോഡ് 2019, വ്യാവസായിക ബന്ധ കോഡ് 2020, തൊഴിൽ സുരക്ഷ, ആരോഗ്യം, ജോലി സാഹചര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കോഡ് (OSH) 2020, സാമൂഹിക സുരക്ഷാ കോഡ് 2020 എന്നിവ പാസാക്കിയിരുന്നു. പലതവണ മാറ്റിവെച്ചതിന് ശേഷം നവംബർ 21 നാണ് കോഡുകൾ പ്രാബല്യത്തിൽ വന്നത്.
പുതിയ ലേബർകോഡ് അനുസരിച്ച് സ്ത്രീകൾക്ക് രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യാനും ഖനനം പോലുള്ള “അപകടകരമായ” വിഭാഗത്തിൽ പെടുന്ന വ്യവസായങ്ങളിലടക്കം ജോലിക്ക് അനുമതി ലഭിക്കുന്നു. എന്നാൽ ഇത്തരം ഇടങ്ങളിലെ ജോലിയും രാത്രി ഷിഫ്റ്റുകളും സ്ത്രീകളുടെ സമ്മതത്തിനു ശേഷമേ നൽകാനാകൂ. സ്ത്രീകൾക്ക് ആവശ്യമായ സുരക്ഷാ നടപടികളും സ്വീകരിക്കണമെന്ന് ലേബർ കോഡിൽ വ്യക്തമാക്കുന്നു. അപകടകരമായ സാഹചര്യത്തിൽ ഒരു ജീവനക്കാരനെങ്കിലും തൊഴിലെടുക്കുന്ന സ്ഥാപനങ്ങൾ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനിൽ ചേരണമെന്നും ലേബർ കോഡിൽ പറയുന്നു.
















