Homepage Featured Kerala Local News

പണിയ ഭാഷയിൽ വോട്ടർ പട്ടിക പരിഷ്കരണം സംബന്ധിച്ച വീഡിയോ സന്ദേശമൊരുക്കി വയനാട് കളക്ടർ

കൽപ്പറ്റ: എസ്ഐആർ ഫോം പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തിരക്കിട്ട പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ പണിയ ഭാഷയിൽ വോട്ടർ പട്ടിക പരിഷ്കരണം സംബന്ധിച്ച വീഡിയോ സന്ദേശം ഒരുക്കി സമൂഹമാധ്യമങ്ങളിലൂടെ പുറത്തിറക്കിയിരിക്കുകയാണ് വയനാട് ജില്ലാ കളക്ടർ. ബിഎൽഒമാർ നമ്മുടെ വീടുകളിലെത്തുമെന്നും അവരോട് സഹകരിക്കണമെന്നും അഭ്യർത്ഥിക്കുന്ന വീഡിയോയിൽ എസ്ഐആർ എങ്ങിനെ പൂരിപ്പിക്കണമെന്നും എന്തൊക്കെ വിവരങ്ങളാണ് ചേർക്കേണ്ടതെന്നുമുള്ള പ്രാഥമിക നിർദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. വയനാട് ജില്ലാ കളക്ടർ ഡിആർ മേഘശ്രീയാണ് തന്റെ ഔദ്യോ​ഗിക പേജിലൂടെ വീഡിയോ സന്ദേശം പങ്കുവെച്ചിരിക്കുന്നത്.

‘എസ്ഐആർ അഥവാ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടത്തുന്നു. ബിഎൽഒമാർ നമ്മുടെ വീടുകളിലെത്തും. രണ്ടു ഫോമുകളുമായാണ് ഇവരെത്തുക. ഇതിൽ ഒരു ഫോം ഫില്ലു ചെയ്ത് തിരിച്ചു നൽകണം. ഫോമിൽ മൂന്നു കോളങ്ങളാണ് ഉള്ളത്. അതിൽ ഒന്നാമത്തെ കോളത്തിൽ നിങ്ങളെ സംബന്ധിച്ച വിവരങ്ങൾ ഫോട്ടോയടക്കം പ്രിന്റ് ചെയ്തിട്ടുണ്ടാകും. അതിനു താഴെയുള്ള കോളത്തിൽ ജനിച്ച തീയതി, ഫോൺ നമ്പർ, ആധാർ നമ്പർ, അച്ഛന്റെയും അമ്മയുടേയും പേര്, ഭാര്യയുടേയോ ഭർത്താവിന്റെയോ പേര് എന്നിവ പൂരിപ്പിക്കണം. ഇതിനും താഴെ രണ്ട് കോളമാണ് ഉള്ളത്. ഇതിൽ ഇടതു ഭാ​ഗത്തുള്ള കോളത്തിൽ 2002 ൽ നിങ്ങൾ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിരുന്നുവെങ്കിൽ ആ വിവരങ്ങളാണ് പൂരിപ്പിച്ചു നൽകേണ്ടത്. വലതുഭാ​ഗത്തുള്ള കോളത്തില് 2002 ൽ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിരുന്ന അച്ഛൻ അമ്മ അപ്പൂപ്പൻ അമ്മൂമ്മ തുടങ്ങിയവരുടെ വിവരങ്ങളാണ് നൽകേണ്ടത്.’- വീഡിയോയിൽ പറയുന്നു. ശേഷം ഇതിൽ ഒപ്പിട്ടു നൽകണമെന്നും ബിഎൽഒമാരുടെ നിർദേശങ്ങൾ ശ്രദ്ധിക്കണമെന്നും പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.

വയനാട്ടിലെ ജനവിഭാ​ഗങ്ങൾക്കിടയിൽ വിവിധ ഭാഷകൾ പ്രചാരത്തിലുണ്ട്. അതിലൊന്നാണ് പണിയഭാഷ. മലയാളത്തിലുള്ള സന്ദേശങ്ങൾ പൂർണമായും മനസ്സിലാക്കാൻ പണിയ ഭാഷയിൽ സംസാരിക്കുന്ന മുതിർന്ന പൗരന്മാർക്ക് കഴിയണമെന്നില്ല. ഇതു പരി​ഗണിച്ചാണ് പണിയ ഭാഷയിൽ പ്രത്യേകം സന്ദേശം പുറത്തിറക്കിയത്. വയനാട്ടിൽ എസ്ഐആർ പ്രവർത്തനങ്ങളുടെ ഡിജിറ്റലൈസേഷൻ 100% പൂർത്തിയാക്കിയ ആദ്യ വനിതാ ബിഎൽഒയെയും കഴിഞ്ഞ ദിവസം കളക്ടർ കഴിഞ്ഞ ദിവസം അഭിനന്ദിച്ചിരുന്നു. സുൽത്താൻ ബത്തേരി മണ്ഡലത്തിലെ, വനഗ്രാമമായ കുറിച്യാട്, 83-ാം ബൂത്തിലെ SIR വിവരങ്ങൾ വളരെ കുറഞ്ഞ സമയത്തിനുള്ളിലായിരുന്നു ലിബിത സമ്പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്തത്. ലിബിതയുടേയും ടീമിന്റെയും മാതൃകാപരമായ സേവനങ്ങൾക്ക് നന്ദിയറിയിച്ചുകൊണ്ട് വയനാട് ജില്ലാ കളക്ടർ ഡിആർ മേഘശ്രീ നവമാധ്യമത്തിൽ വീഡിയോ സഹിതമുള്ള കുറിപ്പും പങ്കുവെച്ചിരുന്നു.

https://fb.watch/DvQS2ho9YN

View this post on Instagram

A post shared by Yes27Online (@yes27online)

Related Posts