മലപ്പുറം: മുൻ എംഎൽഎ പി വി അൻവറിന്റെ സ്ഥാപനങ്ങളിൽ ഇ ഡി റെയ്ഡ്. പി വി അൻവർ 12 കോടി വായ്പ്പ തട്ടിപ്പ് നടത്തിയെന്ന കേസിൽ മലപ്പുറം, കോഴിക്കോട് ഉൾപ്പെടെ പത്തോളം സ്ഥാപനങ്ങളിൽ ഇ ഡി റെയ്ഡ്. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പി വി അന്‍വര്‍ 12 കോടി വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്നാണ് പരാതി. 2015 ലാണ് പിവി അൻവറും സഹായി സിയാദും ചേര്‍ന്ന് 12 കോടി രൂപ കടമെടുത്തത്.
ഇക്കാലയളവിൽ അൻവർ എൽഡിഎഫിനൊപ്പം ചേർന്നായിരുന്നു പ്രവർത്തിച്ചിരുന്നത്. ഭരണസ്വാധീനം ഉപയോഗിച്ച് വായ്പയെടുത്തെന്നാണ് വിജിലൻസിൻ്റെ കണ്ടെത്തൽ. നേരത്തെ, കേസിൽ പരാതിക്കാരുടെ മൊഴി ഉൾപ്പെടെ എടുത്തിരുന്നു. അഞ്ചു കോടിയുടെ മുകളിലേക്കുള്ള സാമ്പത്തിക തിരിമറി ആയതിനാലാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നത്.
2015 ല്‍ കെ എഫ് സിയില്‍ നിന്ന് 12 കോടി വായ്പയെടുത്ത അന്‍വര്‍ അത് തിരിച്ചടച്ചില്ലെന്നാണ് ആരോപണം. പലിശയടക്കം 22 കോടി രൂപയാണ് ഇപ്പോള്‍ തിരികെ നല്‍കാനുള്ളത്. ഇത് കെ എഫ് സിക്ക് വന്‍ നഷ്ടം വരുത്തിയെന്നാണ് പരാതി. കൊച്ചിയിൽ നിന്നുള്ള ഇ ഡി സംഘം ഇന്ന് രാവിലെ മുതൽ പി വി അൻവറിന്റെ സ്ഥാപനങ്ങളിൽ റെയ്ഡ് തുടരുകയാണ്.
രാവിലെ 7 മണിക്കാണ് റെയ്ഡ് ആരംഭിച്ചത്. അൻവറിന്റെ കൂട്ടാളികളിലേക്കും ഡ്രൈവറിലേക്കും അന്വേഷണം വ്യാപിപ്പിക്കും. കുടുംബത്തെയും ചോദ്യം ചെയ്യും എന്നാണ് വിവരം. മലപ്പുറം ഒതായിയിലെ വീട്ടിലാണ് പരിശോധന നടത്തിയത്. അൻവറിന്റെ സഹായിയുടെ വീട്ടിലും പരിശോധന നടത്തി. കഴിഞ്ഞ ദിവസം വിജിലൻസും പരിശോധന നടത്തിയിരുന്നു.
കൊല്ലത്തെ വ്യവസായിയും പ്ലാന്‍റുമായ മുരുഗേഷ് നരേന്ദ്രന്‍റെ പരാതിയെ തുടര്‍ന്നായിരുന്നു വിജിലന്‍സ് അന്വേഷണം. കളളപ്പണ ഇടപാടില്‍ അന്‍വറിനെതിരെ ചില തെളിവുകള്‍ മുരുഗേഷ് നരേന്ദ്രൻ ഇഡിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.
സിയാദ് അമ്പായത്തിങ്ങലിന് അദ്ദേഹത്തിന്‍റെ വരുമാനമോ തിരിച്ചടവ് പ്രാപ്തിയോ പരിഗണിക്കാതെ 7.50 കോടിയുടെ വായ്പയാണ് കെ.എഫ്.സി മലപ്പുറം ബ്രാഞ്ചില്‍ നിന്നും അനുവദിച്ചത്.
സിയാദ് വായ്പ തിരിച്ചടക്കാതെ വീഴ്ച വരുത്തി. ഈ വായ്പക്ക് ഈട് വെച്ച വസ്തുതന്നെ പണയം വെച്ച് പിവിആര്‍ ഡെവലപ്പേഴ്സ് എന്ന കമ്പനിയുടെ പേരില്‍ പി.വി അന്‍വറും രണ്ട് വായ്പകളിലായി അഞ്ചു കോടി രൂപയും വാങ്ങി. പി.വി അന്‍വറും സിയാദും അടക്കമുള്ളവര്‍ നടത്തിയ കള്ളപ്പണ ഇടപാടും മാലാംകുളം കണ്‍സ്ട്രക്ഷന്‍സ്, പിവിആര്‍ ഡെവലപ്പേഴ്സ് എന്നീ കമ്പനികളുടെ സാമ്പത്തിക ഇടപാടുകളടക്കമുള്ളവയാണ് ഇഡി അന്വേഷിക്കുന്നത്.
ഇടതുപക്ഷ ബന്ധം ഉപേക്ഷിച്ച അൻവർ ഇപ്പോൾ തൃണമൂൽ കോൺഗ്രസിലാണ്. നിലമ്പൂരിലെ എംഎൽഎ ആയിരുന്ന അൻവർ കഴിഞ്ഞ തവണ നിലമ്പൂരിൽ പരാജയപ്പെട്ടിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് അൻവർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
















