കൊച്ചി: രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ വിധി ഭരണഘടനാബെഞ്ച് തള്ളിയതോടെ പ്രതിരോധത്തിലായിരിക്കുകയാണ് രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ. സമയപരിധി ഭരണഘടനാ വിരുദ്ധമെന്ന രാഷ്ട്രപതിയുടെ റഫറൻസ് പരിഗണിച്ചായിരുന്നു ഭരണഘടനാ ബെഞ്ചിന്റെ വിധി. എന്നാൽ കേന്ദ്ര സർക്കാർ നിയമിക്കുന്ന ഗവർണർമാരുടെ രാഷ്ട്രീയം ബില്ലുകളിൽ തീരുമാനമെടുക്കുന്നതിൽ കാലതാമസം വരുത്തുമോയെന്നാണ് പൊതുവിൽ ഉയരുന്ന സംശയം.
സുപ്രീം കോടതിയുടെ മുന്നിലെത്തുന്ന വിഷയങ്ങളിൽ സമ്പൂർണ നീതി ഉറപ്പു വരുത്തുന്നതിനായി ഏതു തരത്തിലുള്ള ഉത്തരവും പുറപ്പെടുവിക്കാനുള്ള ഭരണഘടനയുടെ അനുച്ഛേദം 142 അനുസരിച്ചുള്ള അധികാരമുപയോഗിച്ച് സുപ്രീം കോടതി നേരത്തേ ഗവർണർമാർ ബില്ലുകളിൽ മൂന്നു മാസത്തിനകം തീരുമാനമെടുക്കണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ പുതിയ വിധിയിലൂടെ ഇത് അസാധുവായി.
രാഷ്ട്രപതിയുടെ റഫറൻസിന് അനുകൂലമായി ഭരണഘടനാ ബെഞ്ചിന്റെ വിധി പുറത്തുവന്നതോടെ മൂന്നുമാസത്തിനു ശേഷവും പരിധികളില്ലാതെ ബില്ലുകളിൽ തീരുമാനമെടുക്കാതിരിക്കാൻ ഗവർണർക്കും രാഷ്ട്രപതിക്കും സാധിക്കും. ഇതിലൂടെ സംസ്ഥാനത്തിന്റെ ഭരണത്തിൽ കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ താത്പര്യങ്ങൾ അടിച്ചേൽപ്പിക്കാൻ കേന്ദ്രത്തിന് വഴിയൊരുങ്ങുമെന്ന വിമർശനമാണ് പ്രതിപക്ഷ കക്ഷികൾ ഉന്നയിക്കുന്നത്.
കേരളത്തിലേയും തമിഴ്നാട്ടിലേയുമടക്കം സർക്കാരുകളുമായുള്ള ഗവർണർമാരുടെ തർക്കവും ഹർജികളും പരിഗണിച്ചായിരുന്നു, ഗവർണർക്ക് വീറ്റോ അധികാരമില്ലെന്നും ബില്ലുകളിൽ മൂന്നു മാസത്തിനകം തീരുമാനമെടുക്കണമെന്നും മുൻപ് സുപ്രീംകോടതി വിധിച്ചിരുന്നത്. ഈ വിധിയോടെ തമിഴ്നാട്ടിൽ പത്തോളം ബില്ലുകൾ ഗവർണർ തടഞ്ഞത് നിയമവിരുദ്ധമായും മാറിയിരുന്നു. നിയമസഭയുടെ ഉപദേശത്തിന് വിരുദ്ധമായി രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുകയാണെങ്കിൽ മൂന്നുമാസത്തിനകം വേണമെന്നും നിയമസഭയുടെ നിർദേശാനുസരണമാണെങ്കിൽ ഇത് ഒരു മാസത്തിനകം വേണമെന്നും വിധിയുണ്ടായിരുന്നു. രാഷ്ട്രപതിയുടെ റഫറൻസിന് അനുകൂലമായി സുപ്രീംകോടതി നിലപാടെടുത്തതോടെ ഗവർണർമാർക്കുള്ള സമയപരിധി സംബന്ധിച്ച ഉത്തരവുകൾ അസാധുവാകും.
ഗവർണർമാർ സർവകലാശാലകളിൽ ഇടപെടുന്നതും കേരളത്തിലും തമിഴ്നാട്ടിലും ചർച്ചയായിരുന്നു. അമിതാധികാരപ്രയോഗം നടത്തുന്നുവെന്നാരോപിച്ച് തമിഴ്നാട് സർക്കാർ യൂണിവേഴ്സിറ്റി ചാൻസലർസ്ഥാനത്തുനിന്നുവരെ ഗവർണറെ നീക്കാനൊരുങ്ങിയിരുന്നു. തമിഴ്നാട് നിയമസഭ പാസാക്കിയ പത്തോളം ബില്ലുകൾ ഗവർണർ ആർഎൻ രവി തടഞ്ഞു വെച്ചിരുന്നതും വിവാദമായിരുന്നു. കേരളത്തിലും ആരിഫ് മുഹമ്മദ് ഖാന്റെ കാലത്ത് നടന്ന സിന്റിക്കേറ്റിനെ മറികടന്നുകൊണ്ടുള്ള ഇടപെടലുകൾ രാഷ്ട്രീയകാരണങ്ങൾ കൊണ്ടാണെന്ന് വിമർശനമുയർന്നിരുന്നു. ഗവർണർമാർ കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ നിയമനമായി മാറുന്ന സാഹചര്യത്തിൽ വിധി കേരളമടക്കമുള്ള എൻഡിഎ ഭരണമില്ലാത്ത സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാണ്.
ഏതെങ്കിലും നിയമത്തെയോ വസ്തുതയെയോ സംബന്ധിച്ച് പൊതുതാത്പര്യമുള്ള ചോദ്യങ്ങൾ രാഷ്ട്രപതിക്ക് സുപ്രീംകോടതിയോട് ചോദിക്കാം. ഇത്തരത്തിൽ ഭരണഘടനയുടെ അനുച്ഛേദം 143 അനുസരിച്ചായിരുന്നു ദ്രൗപതി മുർമു സുപ്രീംകോടതിക്ക് റഫറൻസ് നൽകിയത്. ഇതുപരിഗണിച്ച സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് നേരത്തേയുണ്ടായിരുന്ന സമയപരിധി നിശ്ചയിച്ച രംണ്ടംഗ ബെഞ്ചിന്റെ വിധി തള്ളുകയായിരുന്നു. രാഷ്ട്രപതിയുടെ 14 ചോദ്യങ്ങളടങ്ങിയ റഫറൻസിനാണ് സുപ്രീംകോടതി മറുപടി നൽകിയത്.
അതേസമയം ഗവർണർ അനിയന്ത്രിതമായി ബില്ലുകൾ പിടിച്ചു വെക്കുന്നത് ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നും നിയമസഭയുമായുള്ള ആശയവിനിമയത്തിലൂടെയും ചർച്ചയിലൂടെയും പ്രശ്നം പരിഹരിക്കുകയാണ് വേണ്ടതെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. ഗവർണ്ണർ സാധാരണ മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്. ഗവർണർക്ക് വിവേചനാധികാരമുണ്ട്. എന്നാൽ ഗവർണർക്ക് വിവേചന അധികാരം എന്തിനൊക്കെ ഉപയോഗിക്കാം എന്ന് ഭരണഘടന വ്യക്തമാക്കുന്നുണ്ട്. ഇതനുസരിച്ച് രാഷ്ട്രപതിക്ക് ഈ ബില്ല് രാഷ്ട്രപതിക്ക് അയക്കുകയോ അല്ലെങ്കിൽ നിയമസഭയിലേക്ക് തിരിച്ചയക്കുകയോ ചെയ്യാനുള്ള വിവേചന അധികാരം ഉണ്ട്.
ബില്ലുകളുടെ കാര്യത്തിൽ മന്ത്രിസഭ പറയുന്നത് പോലെ പ്രവർത്തിക്കാൻ ഗവർണർക്ക് ബാധ്യതയില്ല. എന്നാൽ ബില്ലുകളുടെ കാര്യത്തിൽ ന്യായീകരിക്കാനാകാത്ത കാലതാമസം വന്നാൽ കോടതിയെ സമീപിക്കാമെന്നാണ് ഭരണഘടനാബെഞ്ച് പറയുന്നത്. എന്നാൽ കാലതാമസം എന്ന് പറയുന്നത് ഏത് പരിധി അനുസരിച്ചാണെന്നതിൽ അവ്യക്തത തുടരുകയാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇന്ന് വിധി പറഞ്ഞത്.
















