ഡൽഹി: എസ്ഐആർ സ്റ്റേ ചെയ്യണമെന്ന കേരള സർക്കാരിന്റെന്റേതടക്കം ആവശ്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ച് സുപ്രീംകോടതി. കേരളത്തില്‍ നടക്കുന്ന തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്ഐആർ) സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട നാല് കക്ഷികള്‍ നല്‍കിയ ഹര്‍ജികൾ അടിയന്തിരമായി പരിഗണിക്കാനും നവംബര്‍ 26-ന് ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കാനുമാണ് സുപ്രീം കോടതി തീരുമാനിച്ചത്.
കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ നടപടികള്‍ പുരോഗമിക്കുകയാണെന്നും അതിനാല്‍ കോടതിയുടെ ഇടപെടല്‍ ഉടന്‍ ഉണ്ടാകണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു. ഇതുപരിഗണിച്ചാണ് കേരളത്തിൽ നിന്നുള്ള ഹർജികളിൽ നവംബറിൽ വാദം കേൾക്കുമെന്ന് കോടതി അറിയിച്ചത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍, സ്റ്റാന്റിങ് കോണ്‍സല്‍ സി.കെ. ശശി എന്നിവരാണ് ഹാജരായത്.
ഉത്തർപ്രദേശിൽ നിന്നടക്കമുള്ള ഹർജികളിൽ ഡിസംബറിലാണ് വാദം കേൾക്കുകയെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എസ്.വി. ഭട്ടി, ജോയ് മാല ബാഗ്ചി എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാര്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, മുസ്ലിം ലീഗ് ദേശിയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലികുട്ടി, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, എന്നിവരുടെ ഹര്‍ജികളാണ് ഇന്ന് സുപ്രീം കോടതി പരിഗണിച്ചത്. മുസ്ലിം ലീഗിന് വേണ്ടി അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ ഹാജരായി. എം.വി. ഗോവിന്ദന് വേണ്ടി മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാര്‍, അഭിഭാഷകന്‍ ജി. പ്രകാശ് എന്നിവര്‍ ഹാജരായി.
















