Homepage Featured Kerala News

ആദിലയ്ക്കും നൂറയ്ക്കുമെതിരെയുള്ള വിമർശനങ്ങളും ഹേറ്റ് ക്യാംപെയ്നുകളും അവസാനിക്കണമെന്ന് ഫൈസൽ എകെ മലബാർ

കോഴിക്കോട്: ആദിലയ്ക്കും നൂറയ്ക്കുമെതിരെയുള്ള വിമർശനങ്ങളും ഹേറ്റ് ക്യാംപെയ്നുകളും അവസാനിക്കണമെന്ന് മലബാർ ​ഗോൾഡ് എക്സിക്യുട്ടീവ് ഡയറക്ടറും കോ ഫൗണ്ടറുമായ ഫൈസൽ എകെ. ആദിലയും നൂറയുമായി സംബന്ധിച്ച വിഷയത്തിൽ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഫൈസൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അവർക്ക് ഇഷ്ടപ്രകാരം ജീവിതം നയിക്കാനുള്ള അവകാശം ഉണ്ടായിരിക്കണമെന്ന് ഫൈസൽ പറഞ്ഞു.

‘തങ്ങളുടെ ഇഷ്ടപ്രകാരം സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം നിഷേധിക്കരുത്. അവരെ തടസ്സപ്പെടുത്തുകയോ വിമർശിക്കുകയോ, അവരുടെ വ്യക്തിപരമായ തീരുമാനങ്ങളെ വിമർശിച്ച് ഹരാസ്മെന്റ് നടത്തുകയോ ചെയ്യുന്നത് ശരിയല്ല.
ഏതൊരു മതത്തിൽ വിശ്വസിക്കുന്നവരായാലും, മനുഷ്യന്റെ സ്വാതന്ത്ര്യത്തെയും വ്യക്തിനിയമത്തിന്റെയും ബഹുമാനം ഏതൊരു മതപരിധിക്കും അതീതമായ ഒരു അടിസ്ഥാന മനുഷ്യനന്മയാണെന്ന് ഞാൻ വിശ്വസിക്കുന്നു.’-ഫൈസൽ പറഞ്ഞു. കോടതിയും ഗവൺമെന്റും അനുവദിച്ചിട്ടുള്ള അവരുടെ സ്വാതന്ത്ര്യം പൂർണ്ണമായും ബഹുമാനിക്കപ്പെടണമെന്നും അവർക്ക് തങ്ങളുടെ ഇഷ്ടപ്രകാരം ജീവിതം നയിക്കാനുള്ള അവകാശം ഉണ്ടായിരിക്കണമെന്നും ഫൈസൽ പറയുന്നു.

തന്റെ ഹൗസ്‌വാമിങ് ചടങ്ങുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഉണ്ടായ തെറ്റിദ്ധാരണകളും വിവാദങ്ങളും ഒരിക്കലും തന്റെ ഉദ്ദേശ്യത്തിലുണ്ടായിരുന്നതല്ലെന്നും അത് പ്രതീക്ഷിച്ചതിനുമപ്പുറം ചില നെഗറ്റീവ് പ്രതികരണങ്ങൾക്ക് കാരണമായെന്നും ഫൈസൽ പറഞ്ഞു. അത് ഇരുവർക്കും മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നത് താൻ മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മൂന്നു കാര്യങ്ങൾ പ്രത്യേകമായി ഉൾപ്പെടുത്തിയാണ് ഫൈസൽ തന്റെ കുറിപ്പിൽ ഇതു സംബന്ധിച്ച് വ്യക്തത വരുത്തിയത്. അവരെ വേദനിപ്പിക്കാനുള്ള ഉദ്ദേശം തനിക്കുണ്ടായിരുന്നില്ല, അവരുടെ വ്യക്തിസ്വാതന്ത്ര്യവും അവകാശവും താൻ പൂർണ്ണമായി ബഹുമാനിക്കുന്നുവെന്ന് ഫൈസൽ പറഞ്ഞു. ‘അവർക്കെതിരായ അനാവശ്യ വിമർശനങ്ങളും ഹേറ്റ് ക്യാംപെയ്ൻകളും അവസാനിക്കണമെന്ന് ഞാൻ ഹൃദയപൂർവ്വം ആഗ്രഹിക്കുന്നു. അവർ സമാധാനത്തോടെ, ആരുടെയും ഭീഷണിയോ സമ്മർദ്ദമോ കൂടാതെ, സ്വന്തം ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ അവസരം ലഭിക്കണം’-ഫൈസൽ വ്യക്തമാക്കി.

ഒരു മനുഷ്യനെന്ന നിലയിൽ, മനുഷ്യരുടെ സ്വാതന്ത്ര്യത്തെയും സുരക്ഷയെയും ബഹുമാനിക്കുക എന്നതാണ് ഏറ്റവും പ്രഥമമായ മൂല്യമെന്നും ഈ വിഷയത്തെക്കുറിച്ച് എന്നോടു സംസാരിച്ച, കാര്യങ്ങൾ മനസ്സിലാക്കിയ, പിന്തുണച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി പറയുന്നതായും ഫൈസൽ പറഞ്ഞു. തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ബിഗ് ബോസിലൂടെ വൈറലായ ആദിലയും നൂറയും ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്തത് തന്റെ അറിവോടെ അല്ലെന്നും സദാചാര മൂല്യങ്ങളെ വെല്ലുവിളിച്ചും മാതാപിതാക്കളെ ധിക്കരിച്ചും കഴിയുന്നവർ പങ്കെടുത്തിൽ സമൂഹത്തോട് ക്ഷമ ചോദിക്കുന്നുവെന്നും നേരത്തെ ഫൈസൽ പോസ്റ്റിട്ടിരുന്നു. ഇത് വിവാദമാവുകയും ഫൈസലിന് എതിരെ രൂക്ഷമായ വിമർശനം ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഖേദപ്രകടനം.

Related Posts