തിരുവനന്തപുരം: 25 വർഷത്തിലേറെയായി ആർഎസ്എസ് പ്രവർത്തകനായിരുന്ന ആനന്ദ് കെ തമ്പിയെ ആത്മഹത്യയ്ക്ക് പിന്നാലെ തള്ളിപ്പറഞ്ഞ ബിജെപി നിലപാടിൽ പ്രവർത്തകർക്ക് അതൃപ്തി. നിലപാടിൽ ആർഎസ്എസും പ്രതിഷേധിച്ചതോടെ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി ജനറൽ സെക്രട്ടറി എസ് സുരേഷ്.
സമൂഹമാധ്യമങ്ങളിൽ നേതൃത്വത്തിനെതിരെയുള്ള ബിജെപി-ആർഎസ്എസ് പ്രവർത്തകരുടെ വിമർശനം കടുത്തതോടെയാണ് ഖേദം രേഖപ്പെടുത്തിയത്. ആർക്കെങ്കിലും വിഷമമുണ്ടായെങ്കിൽ ഖേദം രേഖപ്പെടുത്തുന്നു എന്നുവെന്ന് സുരേഷ് പറഞ്ഞു. ആനന്ദിനെ അറിയാമെന്ന് സുരേഷ് പരസ്യമായി സമ്മതിക്കുകയും ചെയ്തു.
വാർഡ് കമ്മിറ്റി തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആദ്യം പരിഗണിച്ച അഞ്ച് പേരിലൊരാൾ ആനന്ദായിരുന്നു. എന്നാൽ ചുരുക്കപ്പട്ടികയിലേക്ക് എത്തിയതോടെയാണ് ആനന്ദിനെ മാറ്റിയത്. ആനന്ദിന്റെ കുടുംബത്തിനും ആർഎസ്എസുമായി അടുത്ത ബന്ധമാണുണ്ടായിരുന്നത്. എന്നിട്ടും പാർട്ടിയിൽ പരിഗണന ലഭിക്കാത്തതിലും അവഗണിക്കുന്നതിലും മനം നൊന്ത് ആത്മഹത്യ ചെയ്തതോടെ 25 വർഷം സംഘത്തിന്റെ പ്രവർത്തകനായ ആനന്ദിനെ ബിജെപി നേതൃത്വം തള്ളിപ്പറയുകയായിരുന്നു.
താൻ മത്സരിക്കാനൊരുങ്ങിയ തൃക്കണ്ണാപുരം വാർഡിൽ തനിക്കുപകരം നിശ്ചയിച്ച ബിജെപി സ്ഥാനാർഥിക്കെതിരേ മണ്ണുമാഫിയ ബന്ധമടക്കമുള്ള ആരോപണങ്ങളും ആത്മഹത്യാക്കുറിപ്പിൽ ആനന്ദ് ഉന്നയിച്ചിരുന്നു. ഇതാണ് ആനന്ദിനെ ആത്മഹത്യയ്ക്ക് ശേഷം തള്ളിപ്പറയാൻ കാരണമായതെന്നാണ് കരുതുന്നത്. ആത്മഹത്യയുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ ആരോപണങ്ങളുയർന്നതോടെ പാർട്ടി ജനറൽ സെക്രട്ടറി എസ് സുരേഷും ജില്ലാ സെക്രട്ടറി കരമന ജയനും പത്രസമ്മേളനം വിളിച്ച് ആനന്ദ് തങ്ങളുടെ പാർട്ടിയല്ലെന്നും ഇന്ത്യ മുന്നണിയുടെ ഭാഗമാണെന്നും പറഞ്ഞിരുന്നു. ഇതാണ് ഒരു വിഭാഗം പ്രവർത്തകരിൽ അതൃപ്തിയുണ്ടാക്കിയത്. പത്രസമ്മേളനത്തിൽ എസ്. സുരേഷിന്റെ ശരീരഭാഷയും വാക്കുകളും മരിച്ചയാളെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നും രൂക്ഷവിമർശനമുയർന്നു.
പ്രവർത്തകനായിരുന്നില്ലെങ്കിൽ ആർഎസ്എസിന്റെ സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ളയാളും മൂന്ന് സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാവുമടക്കം ആനന്ദിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തിരുന്നത് എന്തിനാണെന്നും ചോദ്യമുയർന്നു. ബിജെപി ജില്ലാ സെക്രട്ടറിയും സംസ്കാര ചടങ്ങിനെത്തിയിരുന്നു. ഇതും ചൂണ്ടിക്കാട്ടിയായിരുന്നു സമൂഹമാധ്യമങ്ങളിലെ ബിജെപി-ആർഎസ്എസ് പ്രവർത്തകരുടെ നേതൃത്വത്തിനെതിരെയുള്ള രൂക്ഷ വിമർശനം.
















