പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ അറസ്റ്റിൽ. സ്വർണക്കൊള്ളയിൽ പങ്കുണ്ടെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ച എ പത്മകുമാറിനെ എസ്ഐടി അറസ്റ്റ് ചെയ്തതെന്നാണ് വിവരം. നിലവിൽ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗമായ പത്മകുമാർ കോന്നിയിലെ മുൻ എഎൽഎയായിരുന്നു.
2019-ൽ സ്വർണക്കൊള്ള നടക്കുമ്പോൾ ദേവസ്വം പ്രസിഡന്റായിരുന്നു എ പത്മകുമാർ. ശബരിമലയിൽ നിന്ന് സ്വർണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്തിരുന്നു. ഇന്ന് രാവിലെയാണ് പത്മകുമാർ എസ്ഐടിക്ക് മുന്നിൽ ഹാജരായത്.
ഇന്നലെ വൈകുന്നേരത്തോടെയാണ് ചോദ്യം ചെയ്യലിന് എത്തിച്ചേരാൻ പത്മകുമാറിനോട് എസ്ഐടി ആവശ്യപ്പെട്ടത്. തുടർന്ന് ആറൻമുളയിലെ വീട്ടിലുണ്ടായിരുന്ന പത്മകുമാര്‍ രാവിലെ തന്നെ തിരുവനന്തപുരത്തേക്ക് എത്തുകയായിരുന്നു. തിരുവനന്തപുരത്തെ രഹസ്യകേന്ദ്രത്തിൽവെച്ച് എസ്പി ശശിധരന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്.
ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്ന 2019-ല്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറായിരുന്ന എൻ വാസു (പിന്നീട് എ പത്മകുമാറിന് ശേഷം ദേവസ്വം ബോര്‍ഡ് പ്രസിഡന്റായും വാസു ചുമതലയേറ്റിരുന്നു), ശബരിമല മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡി സുധീഷ്‌കുമാര്‍ (വാസുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു), ഇടനിലക്കാരൻ ഉണ്ണികൃഷ്ണൻ പോറ്റി, തിരുവാഭരണ കമ്മീഷണർ കെഎസ് ബൈജു, ശബരിമലയിലെ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു തുടങ്ങിയവരും നേരത്തേ അറസ്റ്റിലായിരുന്നു. മുരാരി ബാബു മുതല്‍ എന്‍. വാസു വരെയുള്ള പ്രതികള്‍ പത്മകുമാറിനെതിരെ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. കേസിലെ എട്ടാം പ്രതിയാണ് പത്മകുമാർ.
2019 ഫെബ്രുവരി 26നാണ് സ്വർണത്തെ ചെമ്പാക്കി വാസു ഫയലെഴുതിയത്. തൊട്ടടുത്ത മാസം എ പത്മകുമാർ അധ്യക്ഷനായ ദേവസ്വം ബോർഡ് യോഗം ഈ ഫയലിന് അംഗീകാരം നൽകി. അങ്ങിനെയാണ് ഉണ്ണിക്കൃഷ്‌ണൻ പോറ്റി ചട്ടങ്ങൾ ലംഘിച്ച് കട്ടിളപ്പാളികൾ ശബരിമലയിൽ നിന്ന് കൊണ്ടുപോയതും സ്വർണം കവർന്നതും. അതിനാൽ വാസുവിന് സമാനമായ പങ്ക് പത്മകുമാറിനുമുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘം കരുതുന്നത്.
















