ഡൽഹി: രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ വിധി തള്ളി ഭരണഘടനാബെഞ്ച്. സമയപരിധി ഭരണഘടനാ വിരുദ്ധമെന്ന രാഷ്ട്രപതിയുടെ റഫറൻസ് പരിഗണിച്ചാണ് വിധി. ഭരണഘടനാ ബെഞ്ചിന്റെ വിധി പുറത്തുവന്നതോടെ മൂന്നുമാസത്തിനു ശേഷവും ബില്ലുകളിൽ തീരുമാനമെടുക്കാതിരിക്കാൻ ഗവർണർക്കും രാഷ്ട്രപതിക്കും സാധിക്കും.
ഭരണഘടനയുടെ അനുച്ഛേദം 143 അനുസരിച്ചായിരുന്നു ദ്രൗപതി മുർമു സുപ്രീംകോടതിക്ക് റഫറൻസ് നൽകിയത്. ഇതുപരിഗണിച്ച സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നേരത്തേയുണ്ടായിരുന്ന സമയപരിധി നിശ്ചയിച്ച രംണ്ടംഗ ബെഞ്ചിന്റെ വിധി തള്ളുകയായിരുന്നു. രാഷ്ട്രപതിയുടെ 14 ചോദ്യങ്ങളടങ്ങിയ റഫറൻസിനാണ് സുപ്രീംകോടതി മറുപടി നൽകിയത്.
അതേസമയം ഗവർണർ അനിയന്ത്രിതമായി ബില്ലുകൾ പിടിച്ചു വെക്കുന്നത് ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നും നിയമസഭയുമായുള്ള ആശയവിനിമയത്തിലൂടെയും ചർച്ചയിലൂടെയും പ്രശ്നം പരിഹരിക്കുകയാണ് വേണ്ടതെന്നും കോടതി നിരീക്ഷിച്ചു. ഗവർണ്ണർ സാധാരണ മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്. ഗവർണർക്ക് വിവേചനാധികാരമുണ്ട്. എന്നാൽ ഗവർണർക്ക് വിവേചന അധികാരം എന്തിനൊക്കെ ഉപയോഗിക്കാം എന്ന് ഭരണഘടന വ്യക്തമാക്കുന്നുണ്ട്. ഇതനുസരിച്ച് രാഷ്ട്രപതിക്ക് ഈ ബില്ല് രാഷ്ട്രപതിക്ക് അയക്കുകയോ അല്ലെങ്കിൽ നിയമസഭയിലേക്ക് തിരിച്ചയക്കുകയോ ചെയ്യാനുള്ള വിവേചന അധികാരം ഉണ്ട്.
ബില്ലുകളുടെ കാര്യത്തിൽ മന്ത്രിസഭ പറയുന്നത് പോലെ പ്രവർത്തിക്കാൻ ഗവർണർക്ക് ബാധ്യതയില്ല. എന്നാൽ ബില്ലുകളുടെ കാര്യത്തിൽ ന്യായീകരിക്കാനാകാത്ത കാലതാമസം വന്നാൽ കോടതിയെ സമീപിക്കാമെന്നാണ് ഭരണഘടനാബെഞ്ച് പറയുന്നത്. എന്നാൽ കാലതാമസം എന്ന് പറയുന്നത് ഏത് പരിധി അനുസരിച്ചാണെന്നതിൽ അവ്യക്തത തുടരുകയാണ്.
ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്ക് മൂന്നു മാസത്തെ പരിധി നിശ്ചയിച്ച് സുപ്രീം കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഗവർണറുടെ കാര്യത്തിലും സമാനമായി സുപ്രീം കോടതി പരിധി നിശ്ചയിച്ചിരുന്നു. കേരളത്തിലേയും തമിഴ്നാട്ടിലേയുമടക്കം സർക്കാരുകളുമായുള്ള ഗവർണർമാരുടെ തർക്കവും ഹർജികളുമാണ് സുപ്രീംകോടതിയുടെ അന്നത്തെ വിധിയിലേക്ക് നയിച്ചത്. ഗവർണർക്ക് വീറ്റോ അധികാരമില്ലെന്നും മൂന്നു മാസത്തിനകം തീരുമാനമെടുക്കണമെന്നുമായിരുന്നു മുൻപ് കോടതി വിധിച്ചിരുന്നത്. ഈ വിധിയോടെ തമിഴ്നാട്ടിൽ പത്തോളം ബില്ലുകൾ ഗവർണർ തടഞ്ഞത് നിയമവിരുദ്ധമായും മാറിയിരുന്നു. നിയമസഭയുടെ ഉപദേശത്തിന് വിരുദ്ധമായി രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുകയാണെങ്കിൽ മൂന്നുമാസത്തിനകം വേണമെന്നും നിയമസഭയുടെ നിർദേശാനുസരണമാണെങ്കിൽ ഇത് ഒരു മാസത്തിനകം വേണമെന്നും വിധിയുണ്ടായിരുന്നു. ഈ വിധികളാണ് രാഷ്ട്രപതിയുടെ റഫറൻസ് പരിഗണിച്ച് സുപ്രീംകോടതി തള്ളിയത്. ഭരണഘടനയുടെ അനുച്ഛേദം 143 അനുസരിച്ചായിരുന്നു ദ്രൗപതി മുർമു സുപ്രീംകോടതിയെ സമീപിച്ചത്.
രാഷ്ട്രപതി ഭേദഗതി നിർദേശിച്ച് തിരിച്ചയച്ചാൽ 6 മാസത്തിനകം വീണ്ടും പരിഗണിക്കണമെന്നാണ് നിയമം. ഭരണഘടനയുടെ 200-ാം അനുച്ഛേദം അനുസരിച്ചാണ് ഇതു സംബന്ധിച്ച് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഭരണഘടനയനുസരിച്ച് ഗവർണർക്ക് സമയപരിധി നിശ്ചയിച്ചിരുന്നില്ല. ബില്ലുകൾ തടയുന്നതിലൂടെ ജനങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നതായി കാണിച്ച് സംസ്ഥാന സർക്കാരുകൾ കോടതിയെ സമീപിച്ചതോടെയാണ് ഇക്കാര്യത്തിൽ സമയപരിധിക്ക് കളമൊരുങ്ങിയത്. തുടർന്ന് കോടതിക്ക് മുന്നിലെത്തുന്ന വിഷയങ്ങളിൽ സമ്പൂർണ നീതി ഉറപ്പു വരുത്തുന്നതിനായി ഏതു തരത്തിലുള്ള ഉത്തരവും പുറപ്പെടുവിക്കാനുള്ള ഭരണഘടനയുടെ അനുച്ഛേദം 142 അനുസരിച്ചുള്ള അധികാരമുപയോഗിച്ച് സുപ്രീം കോടതി ഗവർണർക്കും രാഷ്ട്രപതിക്കും ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് സമയപരിധി നിശ്ചയിക്കുകയായിരുന്നു. ഈ വിധിയുടെ നിയമസാധുത പരിശോധിക്കാനാവശ്യപ്പെട്ടാണ് 14 ചോദ്യങ്ങളടങ്ങുന്ന രാഷ്ട്രപതി റഫറൻസ് സുപ്രീംകോടതിക്ക് ലഭിച്ചത്. രാഷ്ട്രപതിയുടെ ഈ റഫറൻസിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇന്ന് വിധി പറഞ്ഞത്. ഗവർണറും രാഷ്ട്രപതിയും സമയപരിധി പാലിക്കാത്തതിന്റെ അനന്തരഫലങ്ങളെ കുറിച്ച് സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് നേരത്തേ ആശങ്ക അറിയിച്ചിരുന്നു.
















