പട്ന: ബിഹാര്‍ മുഖ്യമന്ത്രിയായി ജെഡിയു നേതാവ് നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പതിനൊന്നരക്ക് ബിഹാർ തലസ്ഥാനമായ പട്നയിലെ ഗാന്ധി മൈതാനത്താണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ബിഹാർ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപിയും ജെഡിയുവും നേതൃത്വം നൽകുന്ന എൻഡിഎ വൻ വിജയം നേടിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍, എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
16 മന്ത്രിസ്ഥാനങ്ങളിൽ ബിജെപിയും 14 ൽ ജെഡിയുവും , 3 മന്ത്രിസ്ഥാനങ്ങളിൽ എല്ജെപിയുമുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്. ഹിന്ദുസ്ഥാനി അവാം മോര്‍ച്ചക്കും ആര്‍എല്‍എമ്മിനും ഒന്നുവീതം എന്നതാണ് നിലവിലെ ധാരണയെന്നും റിപ്പോർട്ടുകൾ പറയുന്നു.
89 മണ്ഡലങ്ങളിൽ ബിജെപിയും 85 ഇടത്ത് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവും വിജയിച്ചിരുന്നു. എൻഡിഎക്കൊപ്പമുള്ള ലോക് ജൻശക്തി പാർട്ടി (രാം വിലാസ്) 19 സീറ്റുകളിലായിരുന്നു വിജയിച്ചത്. ഇന്ത്യ മുന്നണിയിലെ തേജസ്വി യാദവ് നേതൃത്വം നൽകുന്ന ആർജെഡി ബിഹാറിൽ 25 സീറ്റുകളിൽ വിജയിച്ചപ്പോൾ കോൺഗ്രസിനു നേടാനായത് 6 സീറ്റുകൾ മാത്രമാണ്.
















