കൊച്ചി: നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിധി പറയുന്ന തീയതി ഉടൻ പ്രഖ്യാപിച്ചേക്കും. ഏഴുവർഷത്തോളം നീണ്ട വിചാരണ നടപടികൾക്കൊടുവിൽ ഏപ്രിലിൽ കേസിൽ വാദം പൂർത്തിയായിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസിൽ വിധി പറയുന്നത്.
നടപടിക്രമങ്ങളെല്ലാം പൂർത്തിയായതിനാലാണ് വിചാരണക്കോടതി കേസ് വിധി പറയുന്നതിനായി മാറ്റുന്നത്. പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ, നടൻ ദിലീപാണ് എട്ടാം പ്രതി. ദിലീപിന്റേത് ഉള്‍പ്പടെയുള്ള പ്രതിഭാഗം വാദമായിരുന്നു ആദ്യം പൂര്‍ത്തിയായത്. പിന്നാലെ പ്രോസിക്യൂഷന്റെ മറുപടി വാദവും 10 ദിവസത്തിനകം പൂര്‍ത്തിയാക്കിയിരുന്നു. നേരത്തെ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും തള്ളിയിരുന്നു.
2017-ലാണ് ഓടുന്ന വാഹനത്തിനുള്ളിൽ നടിയെ ആക്രമിച്ചത്. പൾസർ സുനി ആക്രമണത്തിൽ നേരിട്ടു ഭാഗമായെന്നാണ് കേസ്. 2018-ലായിരുന്നു കേസിന്റെ വിചാരണ തുടങ്ങിയത്. കോവിഡും പബ്ലിക് പ്രോസിക്യൂട്ടർമാരുടെ രാജിയും കാരണം കേസിലെ വിചാരണയും മറ്റു നടപടികളും ഏറെ നീണ്ടുപോയി. വിചാരണ പൂർത്തിയാക്കുന്നതിന് സുപ്രീംകോടതി പല തവണ സമയപരിധി നിശ്ചയിച്ചിരുന്നു. കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കേ അനധികൃതമായി പരിശോധിച്ചതായും കണ്ടെത്തിയിരുന്നു. കേസിന്റെ ഭാഗമായി 1700-ലേറെ രേഖകൾ കോടതിക്ക് കൈമാറിയിരുന്നു. 261 സാക്ഷികളെയും വിസ്തരിച്ചിട്ടുണ്ട്.
















