ഡൽഹി: ഇന്ത്യയിൽ അഭയം തേടിയ മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് വിട്ടുനൽകേണ്ടതില്ലെന്ന് ഇന്ത്യ. ഇക്കാര്യത്തിൽ പരസ്യപ്രതികരണം നടത്തിയിട്ടില്ലെങ്കിലും ഹസീനയെ കൈമാറാനാവില്ലെന്ന് നയതന്ത്ര ചാനൽ വഴി അറിയിക്കാനാണ് ഇന്ത്യയുടെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാരോപിക്കപ്പെട്ട് ഹസീനക്ക് ബംഗ്ലാദേശിൽ കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്.
ഹസീനയെ കൈമാറണമെന്ന് കഴിഞ്ഞ ദിവസം ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം അവശ്യപ്പെട്ടെങ്കിലും ഇതു സംബന്ധിച്ച ഔദ്യോഗിക കത്ത് ഇന്ത്യയ്ക്ക് ലഭിച്ചിട്ടില്ല. കോടതി വിധി തട്ടിപ്പാണെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. കോടതി വിധിക്കെതിരെ ഷെയ്ഖ് ഹസീനയുടെ അനുയായികളും അവാമി ലീഗും പലയിടങ്ങളിലും പ്രതിഷേധിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം ജൂലൈ 15 നും ഓഗസ്റ്റ് 15 നും ഇടയിൽ നടന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ഹസീനയുടെ സർക്കാർ കൊലപാതകം, വധശ്രമം, പീഡനം, തുടങ്ങിയ മനുഷ്യത്വരഹിതമായ പ്രവൃത്തികൾ നടത്തിയെന്ന കുറ്റമാണ് ചുമത്തിയിരുന്നത്. ഇത് പരിഗണിച്ച ബംഗ്ലദേശിലെ ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചു. വിധി വന്നതോടെ ഇന്ത്യയിൽ തുടരുന്ന ഹസീനയെ കൈമാറണമെന്ന ആവശ്യം ബംഗ്ലദേശ് ശക്തമാക്കിയിരുന്നു.
അതേസമയം ബംഗ്ലദേശിലെ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ഉറപ്പു നൽകിയ ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പ് നടക്കുന്നുണ്ടോ എന്ന കാര്യം ഇന്ത്യ പരിശോധിക്കും. നിഷ്പക്ഷ തെരഞ്ഞെടുപ്പിന് സാഹചര്യം ഒരുങ്ങിയാൽ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീനയും നേരത്തേ അറിയിച്ചിരുന്നു. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് കൂടി പങ്കാളിയായ നീക്കങ്ങളേ അംഗീകരിക്കൂ എന്ന നിലപാടിലാണ് ഇന്ത്യയെന്നാണ് ഉന്നത വൃത്തങ്ങൾ നൽകുന്ന വിവരമെന്നും മാധ്യമ റിപ്പോർട്ടുകളുണ്ട്. ഫെബ്രുവരിയോടെ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് മുഹമ്മദ് യൂനൂസ് നേരത്തെ സൂചന നൽകിയത്. അതിനാൽ അതുവരെ ഷെയ്ഖ് ഹസീനയെ ഇന്ത്യയിൽ തുടരാൻ ഇന്ത്യ അനുവദിച്ചേക്കുമെന്നാണ് സൂചന.
1996 മുതൽ 2001 വരെയും 2009 മുതൽ 2024 വരെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച ഷെയ്ഖ് ഹസീന വാസദ് ലോകത്തിലെ ഏറ്റവും കൂടുതൽ കാലം രാജ്യതലപ്പത്തിരുന്ന വനിതയുമാണ്. 2024 ജൂണിൽ ‘സ്റ്റുഡന്റ്സ് എഗൈൻസ്റ്റ് ഡിസ്ക്രിമിനേഷൻ’ എന്ന സംഘടനയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ സർക്കാർ ജോലികളിലെ അന്യായമായ ക്വാട്ടകൾക്കെതിരെ പ്രതിഷേധമാരംഭിച്ചു. ആദ്യം, പ്രതിഷേധങ്ങൾ സമാധാനപരമായിരുന്നെങ്കിലും ജൂലൈ അവസാനത്തോടെ സർക്കാർ പ്രതിഷേധക്കാർക്കെതിരെ അടിച്ചമർത്താൻ ശ്രമിച്ചു. അവരിൽ പലരും കൊല്ലപ്പെട്ടു. ‘ജൂലൈ കൂട്ടക്കൊല’ എന്നറിയപ്പെടുന്ന ഈ സംഭവത്തിലാണ് ഇപ്പോൾ ഹസീനയ്ക്ക് വധശിക്ഷലഭിച്ചിരിക്കുന്നത്.
പ്രക്ഷോഭം പരിധി കടന്ന് കലാപമായതോടെയാണ് ഹസീന രാജ്യം വിട്ട് ഇന്ത്യയിൽ അഭയം പ്രാപിച്ചത്. തുടർന്ന് സാമ്പത്തിക ശാസ്ത്രജ്ഞനായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഒരു ഇടക്കാല സർക്കാർ ബംഗ്ലാദേശിൽ ഭരണത്തിലെത്തി. എന്നാൽ അതിനുശേഷം ഇതുവരെ ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പ് ബംഗ്ലദേശിൽ നടത്തിയിട്ടില്ല.
















