കൊച്ചി: ഐഎൻടിയുസി നേതാവിന് സംസ്ഥാന സർക്കാരിന്റെ സംരക്ഷണമൊരുക്കുന്നതിനെ വിമർശിച്ച് കോടതി. കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് അഴിമതി നടന്നെന്ന കേസിൽ ഐഎൻടിയുസി നേതാവിനെ സർക്കാർ സംരക്ഷിക്കുന്നതായാണ് വിമർശനം. കശുവണ്ടി വികസന കോർപ്പറേഷൻ മുന്‍ ചെയര്മാന് ഐഎന്‍ടിയുസി നേതാവ് ആര് ചന്ദ്രശേഖരനെയും മുന്‍ മാനേജിങ് ഡയറക്ടര്‍ കെഎ രതീഷിനെയും വിചാരണ ചെയ്യാന്‍ പ്രോസിക്യൂഷന് അനുമതി തേടി സിബിഐ നല്കിയ അപേക്ഷകൾ മൂന്നുതവണ സംസ്ഥാന സർക്കാർ തള്ളിയിരുന്നു. ഈ നടപടി കോടതിയലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടി ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കോടതിയുടെ പരാമർശം.
‘ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ക്കേറുമ്പോള്‍ അഴിമതി നടക്കില്ലെന്നാണ് പ്രതീക്ഷ. ഇപ്പോള്‍ അഴിമതിക്കാരെ രക്ഷിക്കുന്ന സര്‍ക്കാരായി മാറിയെന്നാണ് മനസ്സിലാകുന്നത്. വ്യക്തമായ കേസാണിത്. സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കൊപ്പം സഞ്ചരിക്കുകയാണ്. കോടതിയലക്ഷ്യ നടപടിയാണിതില്‍. എന്തിനാണ് സര്‍ക്കാര്‍ രണ്ടുവ്യക്തികളെ സംരക്ഷിക്കുന്നത്. ആരാണ് ഇതിനു പിന്നില്‍?’- ഹർജി പരിഗണിക്കവേ ജസ്റ്റിസ് എ. ബദറുദ്ദീൻ ചോദിച്ചു.വളരെ പരിതാപകരമായ അവസ്ഥയാണിതെന്നും കോടതി കുറ്റപ്പെടുത്തി.
കശുവണ്ടി വികസന കോര്പ്പറേഷന് 2006-2015 കാലത്ത് അസംസ്കൃത കശുവണ്ടി ഇറക്കുമതിചെയ്തതില്‍ കോടികളുടെ അഴിമതിയും ഫണ്ട് ദുരുപയോഗവും നടന്നെന്നാണ് കേസ്. ഹൈക്കോടതി നിർദേശപ്രകാരം 2016 ൽ സിബിഐ അന്വേഷണം ഏറ്റെടുത്തിരുന്നു. ഈ കേസന്വേഷണത്തിന്റെ ഭാഗമായി കോൺഗ്രസിന്റെ തൊഴിലാളി സംഘടനയായ ഐഎൻടിയുസി നേതാവ് ആര് ചന്ദ്രശേഖരനെയും കശുവണ്ടി വികസന കോർപ്പറേഷൻ മുൻ എംഡി കെഎ രതീഷിനേയും വിചാരണ ചെയ്യാൻ ഉള്ള അനുമതിയാണ് സംസ്ഥാന സർക്കാർ നിഷേധിച്ചത്.
അതേസമയം നടപടിക്രമങ്ങളിലെ വീഴ്ചയാണ് സിബിഐ ചൂണ്ടിക്കാട്ടുന്നതെന്നും അതില്‍ തെറ്റായ ഉദ്ദേശ്യമോ ഔദ്യോഗിക പദവിയുടെ ദുരുപയോഗമോ നേട്ടമോ ഉണ്ടാക്കിയതായി പറയാനാകില്ലെന്ന് വിലയിരുത്തിയാണ് സര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതി തേടിയുള്ള അപേക്ഷ തള്ളിയത്.
പ്രോസിക്യൂഷന് അനുമതി അപേക്ഷ മൂന്നാമതും തള്ളിയതിനാല്‍ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷിനെതിരേ കോടതിയലക്ഷ്യ നടപടി തുടരണമെന്ന ആവശ്യവുമായി കൊല്ലം സ്വദേശി കടകംപള്ളി മനോജ് നല്കിയ ഉപഹര്‍ജിയാണ് സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്. സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സര്‍ക്കാര്‍ സമയം തേടിയതിനെത്തുടര്‍ന്ന് വിഷയം ഒരാഴ്ചകഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി.
















