Homepage Featured India News

ബിഹാറിൽ സത്യപ്രതിജ്ഞ നവംബർ 20 ന്; ലാലുവിന്റെ മകനും എന്‍ഡിഎയിലേക്ക് എത്തിയേക്കും

പട്ന: ബിഹാറിലെ പുതിയ എന്‍ഡിഎ സര്‍ക്കാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. പട്‌നയിലെ ഗാന്ധി മൈതാനത്താണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. നിതീഷ് കുമാര്‍ തന്നെ വീണ്ടും മുഖ്യമന്ത്രിയാകാനാണ് സാധ്യതയെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമില്ല. അതിനിടെ ആർജെഡിയിൽ നിന്ന് പുറത്താക്കപ്പെട്ട ലാലു പ്രസാദ് യാദവിൻ്റെ മൂത്ത മകൻ തേജ് പ്രതാപ് യാദവിനെ തങ്ങളുടെ ചേരിയിലെത്തിക്കാൻ എൻഡിഎ ശ്രമം തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്.

243 അംഗങ്ങളുള്ള നിയമസഭയില്‍ 89 മണ്ഡലങ്ങളിൽ ബിജെപിയും 85 ഇടത്ത് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവും വിജയിച്ചിട്ടുണ്ട്. ചിരാഗ് പാസ്വാന്റെ എല്‍ജെപി(രാം വിലാസ്) ന് 19 എംഎൽഎമാരുണ്ട്. കഴിഞ്ഞസര്‍ക്കാരില്‍ ജെഡിയുവിന് 12 മന്ത്രിമാരാണുണ്ടായിരുന്നത്. 50 എംഎല്‍എമാര്‍ ഉണ്ടായിരുന്നപ്പോഴാണിത്. കൂടുതൽ സീറ്റുകളിൽ വിജയിച്ചതിനാൽ പുതിയ സര്‍ക്കാരില്‍ കൂടുതല്‍ മന്ത്രിസ്ഥാനം വേണമെന്ന് ജെഡിയു ആവശ്യപ്പെടുന്നതായാണ് വിവരം. പുതിയ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രി പദത്തിനായി ചിരാഗ് പാസ്വാന്റെ എല്‍ജെപി രാംവിലാസും രംഗത്തുണ്ട്.

നിലവിലെ നിതീഷ്‌കുമാര്‍ സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ യോഗം നവംബർ 17 നുള്ള മന്ത്രിസഭ പിരിച്ചുവിടാനുള്ള തീരുമാനം അംഗീകരിക്കും. തുടർന്ന് നിതീഷ് കുമാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് രാജി സമര്‍പ്പിക്കും. അതേസമയം തെരഞ്ഞെടുപ്പിന് മുൻപ് അച്ഛൻ ലാലുപ്രസാദ് യാദവിന്റെ പാർട്ടിയായ ആർജെഡിയിൽ നിന്ന് പുറത്താക്കിയ ശേഷം സ്വന്തം രാഷ്ട്രീയ കക്ഷിയുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട തേജ് പ്രതാപ് യാദവിനെ തങ്ങളുടെ പാളയത്തിലെത്തിക്കാനും എൻഡിഎ ശ്രമം നടത്തുന്നുണ്ട്. തേജ് പ്രതാപിന്റെ പാർട്ടി സ്ഥാനാർത്ഥികൾ എല്ലാ സീറ്റുകളിലും പരാജയപ്പെട്ടിരുന്നെങ്കിലും ഇന്ത്യ മുന്നണിയുടെ വോട്ടുകൾ ഭിന്നിപ്പിക്കാനായെന്നാണ് എൻഡിഎ വിലയിരുത്തുന്നത്. ഇന്ത്യ മുന്നണിയിലെ തേജസ്വി യാദവ് നേതൃത്വം നൽകുന്ന ലാലുപ്രസാദ് യാദവിന്റെ പാർട്ടിയായ ആർജെഡി ബിഹാറിൽ 25 സീറ്റുകളിൽ വിജയിച്ചപ്പോൾ കോൺ​ഗ്രസിനു നേടാനായത് 6 സീറ്റുകൾ മാത്രമാണ്.

Related Posts