ജിദ്ദ: സൗദി അറേബ്യയിലെ മദീനയ്ക്കടുത്തുണ്ടായ ബസ് അപകടത്തിൽ 45 മരണം. ഇന്ത്യയിൽ നിന്നുള്ള ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസാണ് മദീനക്ക് സമീപത്ത് വച്ച് അപകടത്തിൽപ്പെട്ടത്. മദീനയിൽ നിന്ന് 25 കിലോമീറ്റർ ദൂരെയാണ് ദാരുണമായ അപകടം അരങ്ങേറിയത്. ഉറ്റവർ മരിച്ചതിന്റെ നടുക്കത്തിലാണ് ഇപ്പോഴും ബന്ധുക്കൾ. ബസിൽ മൊത്തം 46 യാത്രക്കാരുണ്ടായിരുന്നു. ഒരാൾ മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപെട്ടത്. ഇയാളുടെ നില അതീവഗുരുതരമാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മക്കയിലെ തീർത്ഥാടനം പൂർത്തിയാക്കി മദീനയിലേക്ക് പോവുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച ബസ് ഇന്ന് പുലർച്ചെ ഇന്ന് 1.30 ഓടെ അപകടത്തിൽപെടുകയായിരുന്നു. 54 അംഗ സംഘത്തിൽ 46 പേരാണ് അപകടസമയത്ത് ബസിലുണ്ടായിരുന്നത്. ബാക്കിയുള്ളവരിൽ നാലുപേർ കാറിൽ മദീനയിലേക്ക് പോവുകയും നാലുപേർ മക്കയിൽ തങ്ങുകയുമായിരുന്നു. കഴിഞ്ഞ നവംബർ 9ന് ഹൈദ്രാബാദിൽ നിന്ന് പുറപ്പെട്ട ഹജ്ജ് സംഘമാണ് അപകടത്തിൽപ്പെട്ടതെന്ന് സ്ഥീരീകരിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബംഗങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് തെലങ്കാന സർക്കാർ രംഗത്തെത്തിയിട്ടുണ്ട്.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം വീതം നഷ്ടപരിഹാരം നൽകുമെന്ന് തെലങ്കാന മന്ത്രിസഭ പ്രഖ്യാപിച്ചു.മരിച്ചവരെ അവരുടെ മതാചാരങ്ങൾ അനുസരിച്ച് സൗദി അറേബ്യയിൽ തന്നെ അടക്കം ചെയ്യുക,ഓരോ കുടുംബത്തിൽ നിന്നുമുള്ള രണ്ടു ബന്ധുക്കൾക്ക് അവസാനകർമങ്ങൾക്കായി സൗദിയിൽ എത്താനുള്ള ക്രമീകരണം ഒരുക്കുമെന്നും സർക്കാർ അറിയിച്ചു. മുഖ്യമന്ത്രി രേവന്ദ് റഡ്ഡിയാണ് മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്. അപകടത്തിൽ തെലങ്കാന മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. റിയാദിലെ ഇന്ത്യൻ സ്ഥാനപതിയുമായി സർക്കാർ തുടർച്ചയായി ബന്ധപ്പെടുന്നുവെന്നും തെലങ്കാന സർക്കാർ അറിയിച്ചിട്ടുണ്ട്.
പ്രാദേശിക മാധ്യമങ്ങൾ ഉമ്റ തീർഥാടകർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് വിദേശകാര്യ മന്ത്രാലയത്തെയും സൗദി സ്ഥാനപതിയെയും ബന്ധപ്പെടുത്തി ഉടൻ സഹായനടപടികൾ സ്വീകരിക്കാൻ നടപടി സ്വീകരിച്ചത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. സഹായം ആവശ്യപ്പെട്ട് ബന്ധപ്പെടാവുന്ന ടോൾ-ഫ്രീ നമ്പർ: 8002440003.
















