ഡൽഹി: മാധ്യമങ്ങൾ മുമ്പെങ്ങുമില്ലാത്ത വിധം പ്രതിസന്ധി നേരിടുന്നതായും ധാർമ്മിക പത്രപ്രവർത്തനം അടിയന്തിര ആവശ്യമെന്നും പിടിഐ സിഇഒയും എഡിറ്റർ-ഇൻ-ചീഫുമായ വിജയ് ജോഷി. ദേശീയ പത്ര ദിനത്തിൽ ഡൽഹിയിൽ നടത്തിയ പ്രസംഗത്തിലാണ് വിജയ് ജോഷി, മാധ്യമങ്ങൾ ഇതുവരെ നേരിട്ടിട്ടില്ലാത്ത വലിയ പ്രതിസന്ധിയിലെന്ന് അഭിപ്രായപ്പെട്ടത്.
കഴിഞ്ഞ നാൽപ്പതു വർഷമായി താൻ മാധ്യമ പ്രവർത്തന രംഗത്തുണ്ടെന്നും 7 വർഷമായി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ സിഇഒ ആണെന്നും പറഞ്ഞായിരുന്നു വിജയ് ജോഷി തന്റെ പ്രസംഗം ആരംഭിച്ചത്. പിടിഐയുടെ സാമ്പത്തിക സുസ്ഥിരത ഇന്ത്യയിലെ മാധ്യമങ്ങളുടേയും സ്ഥിരതയെ ബാധിക്കുമെന്ന് വിജയ് ജോഷി പറഞ്ഞു. നവംബർ 11 ന് പ്രധാന മാധ്യമങ്ങൾ ബോളിവുഡ് നടൻ ധർമേന്ദ്ര മരിച്ചതായി തെറ്റായ വാർത്ത നൽകിയതും മക്കൾക്ക് വാർത്ത നിഷേധിച്ച് രംഗത്ത് വരേണ്ടി വന്നതും അദ്ദേഹം ഓർമിപ്പിച്ചു.
മുമ്പ് സമാനമായി പൂനം പാണ്ഡെ മരിച്ചെന്ന വാർത്ത വന്നെന്നും എന്നാൽ സ്ഥിരീകരണമില്ലാത്തതിനാൽ പിടിഐ വാർത്ത നൽകിയില്ലെന്നും വിജയ് ജോഷി പറഞ്ഞു. അടുത്ത ദിവസങ്ങളിൽ പൂനം പാണ്ഡെ തന്നെ നേരിട്ട് എത്തി വാർത്ത നിഷേധിച്ചതും അദ്ദേഹം ഓർമിപ്പിച്ചു. വിശ്വാസ്യത പിടിഐക്ക് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു മൊബൈലുള്ള ആർക്കും മാധ്യമപ്രവർത്തകനായി നടിക്കാം. എന്നാൽ യഥാർഥ മാധ്യമപ്രവർത്തകനായി മാറാൻ കഴിയില്ല. ‘അൽഗ്വരിതങ്ങളാണ് ഇന്ന് വാർത്തകളെ പ്രചരിപ്പിക്കുന്നത്. കൃത്യതയ്ക്ക് അവിടെ പ്രസക്തിയില്ല.’- അദ്ദേഹം പറഞ്ഞു. ഇതിന് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
തെറ്റായ വിവരങ്ങൾ, എഐ അധിഷ്ഠിത ‘ഡീപ്പ്ഫേക്കുകൾ’, വ്യാജ വാർത്തകൾ, പണം വാങ്ങിയുള്ള ഉള്ളടക്കം എന്നിവ മാധ്യമങ്ങളുടെ വിശ്വാസ തകർച്ചയ്ക്ക് കാരണമാകുമെന്നും വിജയ് ജോഷി അഭിപ്രായപ്പെട്ടു. ധാർമ്മിക പത്രപ്രവർത്തനം, വാർത്തകളുടെ സ്ഥിരീകരണം, ഉത്തരവാദിത്തമുള്ള റിപ്പോർട്ടിംഗ് എന്നിവ അടിയന്തര ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെ വിശ്വാസ്യത തിരിച്ചുപിടിക്കുകയെന്നതിന് ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകർ പ്രഥമ പരിഗണ നൽകണമെന്നും പിടിഐയുടെ സിഇഒ പറഞ്ഞു.
അടുത്തിടെ കേന്ദ്രമന്ത്രി സീതാരാമനുമായുള്ള തന്റെ ഒരു അഭിമുഖത്തിന്റെ വീഡിയോയിൽ ശബ്ദം എഡിറ്റു ചെയ്ത് ചേർത്ത് സൈബർ തട്ടിപ്പ് നടത്തിയ സംഭവവും അദ്ദേഹം ഓർമിപ്പിച്ചു. പത്രപ്രവർത്തനം വെറുമൊരു ബിസിനസ്സല്ല, വിശ്വാസത്തിൽ വേരൂന്നിയ ഒരു പൊതുസേവനമാണെന്ന് യുവ പത്രപ്രവർത്തകരോട് വിജയ് ജോഷി പറഞ്ഞു. ക്ഷമ, സ്ഥിരീകരണം, മാധ്യമ സാക്ഷരത, ധാർമ്മിക തീരുമാനമെടുക്കൽ എന്നിവയ്ക്ക് മാധ്യമപ്രവർത്തനത്തിൽ മുൻഗണന നൽകാനും അദ്ദേഹം യുവ പത്രപ്രവർത്തകരോട് ആഹ്വാനം ചെയ്തു.
















