തിരുവനന്തപുരം: തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ ഇല്ലായ്മ ചെയ്യുന്ന നടപടിയാണ് ബിജെപി സ്വീകരിക്കുന്നതെന്ന് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ. ഉള്ളൂർ വാർഡിൽ ശ്രീകണ്ഠന് മത്സരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും വിജയമാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിജയസാധ്യത ഉള്ളവരെയാണ് തിരഞ്ഞെടുക്കുന്നത്. അതും വാർഡ് കമ്മറ്റി നിർദ്ദേശിക്കുന്നവരെയാണ് തിരഞ്ഞെടുക്കുന്നത്.
ഉള്ളൂരിലെ വാർഡ് കമ്മിറ്റി ശുപാർശ ചെയ്ത ആളെയാണ് നമ്മൾ അംഗീകരിച്ചത്. സാധാരണഗതിയിൽ സ്വീകരിക്കുന്നതുപോലുള്ള പാർട്ടി നടപടി ഉണ്ടാകുമെന്നും കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേർത്തു. തിരുവനന്തപുരം നഗരസഭയിൽ ഉള്ളൂർ വാർഡിലാണ് സിപിഎം വിമതനായി കെ ശ്രീകണ്ഠൻ മത്സരിക്കുന്നത്.
മഹിളാമോർച്ച നേതാവിന്റെ ആത്മഹത്യ ശ്രമം നിസ്സാരമായ ഒരു കാര്യമല്ല. ബിജെപിയും ആർഎസ്എസും എത്ര വലിയ ഫാസിസ്റ്റ് സംഘടനയാണെന്ന് നമ്മൾ കാണണം. കാപ്പാ കേസിലെ പ്രതിയെ മത്സരിപ്പിക്കാൻ ഉള്ള മാനസിക അവസ്ഥയിലാണ് നിലവിൽ ആർഎസ്എസ്സും ബിജെപിയും. തിരുവനന്തപുരത്തെ ബിജെപിയെ നയിക്കുന്നത് മണ്ണ് മാഫിയ അടക്കമുള്ള നെക്സസുകളാണ്. അധോലോകത്തിന്റെ കൈകളിൽ അമരുന്ന ഒരു ഫാസിസ്റ്റ് പ്രസ്ഥാനമായി തിരുവനന്തപുരത്തെ ബിജെപി മാറിയിരിക്കുന്നുവെന്നും കടകംപള്ളി കൂട്ടിച്ചേർത്തു.
















