ഡൽഹി: അമേരിക്കയിൽ നിന്ന് എൽപിജി ഇറക്കുമതി ചെയ്യുന്നതിനായി കരാർ ഒപ്പുവെച്ച് ഇന്ത്യ. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദിപ് സിങ് പുരിയാണ് ഇക്കാര്യം അറിയിച്ചത്. ഒരു വർഷത്തേക്കുള്ള കരാറിലാണ് ഇന്ത്യ ഒപ്പിട്ടത്. രാജ്യത്തിന്റെ എൽപിജി വിപണിക്ക് ചരിത്രപ്രധാനമായ തുടക്കം എന്ന തലക്കെട്ടോടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
അതിവേഗം വളരുന്ന പാചകവാതക വിപണി യുഎസിനു മുമ്പിൽ തുറന്നതായി മന്ത്രി കുറിച്ചു. സുരക്ഷിതവും താങ്ങാവുന്ന നിരക്കിലുള്ളതുമായ എൽപിജി ഇന്ത്യക്കാർക്ക് നൽകുന്നതിനായാണ് എൽപിജി വിതരണക്കാരിൽ മാറ്റം വരുത്തുന്നതെന്ന് ഹർദീപ് സിങ് പുരി പറഞ്ഞു. ഇന്ത്യയുടെ ഊർജ്ജസുരക്ഷ ഉറപ്പു വരുത്തുകയും ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ഉജ്ജ്വൽ യോജനയിലൂടെ സ്ത്രീകൾക്ക് പ്രയോജനം ലഭിക്കുന്നതും മന്ത്രി ഓർമിപ്പിച്ചു. കുറഞ്ഞ നിരക്കിൽ എൽപിജി എത്തിക്കുകയെന്ന സർക്കാർ നയത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര തലത്തിൽ ഗ്യാസിന്റെ വില 60 ശതമാനം വിലവർദ്ധിച്ചപ്പോഴും 1100 രൂപ വിലവരുന്ന സിലിണ്ടർ ഉജ്ജ്വല ഉപഭോക്താക്കൾക്ക് 500-550 രൂപയ്ക്ക് എത്തിക്കാൻ കഴിഞ്ഞെന്ന് മന്ത്രി അവകാശപ്പെട്ടു. ജനങ്ങളിൽ അമിത വില അടിച്ചേൽപ്പിക്കാതിരിക്കാനായി 40,000 കോടിയുടെ അധിക ബാധ്യത കേന്ദ്ര സർക്കാർ ഏറ്റെടുത്തെന്നും മന്ത്രി പറഞ്ഞു.
വർഷത്തിൽ 2.2 മില്ല്യൺ ടൺ ഇറക്കുമതിയാണ് യുഎസിൽ നിന്ന് ഉണ്ടാകുക. ഇന്ത്യയുടെ എൽപിജി ആവശ്യത്തിന്റെ 10 ശതമാനമാണിത്. ഐഒസിഎൽ (ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്), ബിപിസിഎൽ (ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്), എച്ച്പിസിഎൽ (ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്) തുടങ്ങിയ കമ്പനികൾ യുഎസ് ഉത്പാദകരുമായി ചർച്ച നടത്തിയിരുന്നു.
















