Homepage Featured Kerala News

എസ്ഐആർ; ഫോമുകൾ വിതരണം ചെയ്തത് കുറവ്, കോഴിക്കോട് ബിഎൽഒക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി

കോഴിക്കോട്: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാ​ഗമായ നൽകുന്ന ഫോമുകൾ വിതരണം ചെയ്തതിൽ കുറവ് വന്നതിനാൽ ബിഎൽഒക്ക് കാരണം കാണിക്കൽ നോട്ടീസ്. അസ്‌ലം പിഎം എന്ന ബിഎൽഒയ്ക്കാണ് കോഴിക്കോട് സബ് കളക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഏൽപ്പിച്ച ചുമതലകൾ നിരുത്തരവാദിത്വപരമായി കൈകാര്യം ചെയ്തുവെന്നാണ് നോട്ടീസ് പറയുന്നത്. നവംബർ 15നകം വിശദീകരണം നൽകണമെന്നാണ് നിർദേശം. 984 വോട്ടർമാരിൽ 390 പേർക്ക് മാത്രമാണ് ഫോം വിതരണം ചെയ്തതെന്ന് റിപ്പോർട്ട് പറയുന്നു.

പയ്യന്നൂർ മണ്ഡലത്തിലെ 11ാം ബൂത്തിലെ ബിഎൽഒയായിരുന്ന അനീഷ് ജോർജിന്റെ ആത്മഹത്യയ്ക്ക് ശേഷം എസ്‌ഐആറുമായി ബന്ധപ്പെട്ട ജോലികളിൽ ബിഎൽഒമാർ നേരിടുന്ന സമ്മർദത്തെ കുറിച്ചുള്ള വാർത്തകൾ ശക്തമായിരുന്നു. ജോലി സമ്മർദമാണ് അനീഷിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു. തുടർന്ന് സമ്മർ‌​ദത്തിന്റെ അനുഭവങ്ങൾ പങ്കുവെച്ച് നിരവധി ബിഎൽഒമാരും മുന്നോട്ട് വന്നിരുന്നു.

എന്നാൽ എസ്‌ഐആർ ജോലികളും ബിഎൽഒയുടെ മരണവും തമ്മിൽ നേരിട്ട് ബന്ധമില്ലെന്ന് കളക്ടർ അരുണ് കെ വിജയൻ വ്യക്തമാക്കിയിരുന്നു. സംഭവ ദിവസത്തിലും അതിന് മുൻപും അനീഷ് ജോർജിന് സമ്മർദമോ ഭീഷണിയോ നൽകപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ സമ്മർദത്തിന്റെ സാധ്യതകളും പരിശോധിക്കുകയാണെന്നും പോലീസ് അന്വേഷണം തുടരുകയാണെന്നും കളക്ടറുടെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

ബിഎൽഒ അനീഷ് ജോർജിന്റെ മരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും അനുശോചിനമറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ ഏറ്റവും അടിസ്ഥാനതലത്തിൽ പ്രവർത്തിക്കുന്നവരാണ് ബിഎൽഓമാരെന്നും തികഞ്ഞ ഏകീകരണത്തിലാണ് സംവിധാനമൊട്ടാകെ പ്രവർത്തിക്കേണ്ടതെന്നും കമ്മീഷൻ വ്യക്തമാക്കി. ഒരു ഉദ്യോഗസ്ഥനും പ്രയാസം നേരിടാതിരിക്കാനുള്ള നടപടികൾ ഉറപ്പാക്കുന്നുവെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കൂട്ടിച്ചേർത്തു.

Related Posts