Homepage Featured Kerala News

ആത്മഹത്യ ചെയ്ത പ്രവർത്തകനെ തള്ളി ബിജെപി; ആനന്ദ് ശിവസേനക്കാരനെന്നും ഇന്ത്യ മുന്നണിക്കൊപ്പമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി

തിരുവനന്തപുരം: ആത്മഹത്യ ചെയ്ത പ്രവർത്തകനെ തള്ളി ബിജെപി. ആനന്ദ് ശിവസേനക്കാരനെന്നും ഇന്ത്യ മുന്നണിക്കൊപ്പമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് പറഞ്ഞു. ആനന്ദ് ബിജെപി പ്രവർത്തകൻ അല്ലായിരുന്നുവെന്നും സ്ഥാനാർഥി പട്ടികയിൽ അദ്ദേഹത്തിന്റെ പേര് ഇല്ലായിരുന്നുവെന്നും സുരേഷ് പറഞ്ഞു.

‘ആനന്ദ് ബിജെപി പ്രവർത്തകനായിരുന്നില്ല. ബിജെപി സ്ഥാനാർത്ഥിപ്പട്ടികയിൽ വന്നയാൾ അല്ല. ബിജെപി ജനാധിപത്യ രീതിയിലാണ് സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. അത്തരത്തിലുള്ള പ്രക്രിയയിൽ ആ യുവാവിന്റെ പേര് വന്നിട്ടില്ല. അദ്ദേഹം ഇന്ത്യ മുന്നണിയുടെ ഒപ്പമുള്ള ഉദ്ധവ് താക്കറെയുടെ ശിവസേന വിഭാഗത്തിൽ ചേർന്നിരുന്നു. കോൺഗ്രസിനും സിപിഎമ്മിനും ഒപ്പം നിൽക്കുന്ന ശിവസേനയിലാണ് അദ്ദേഹം അംഗത്വം എടുത്തത്’-ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് പറഞ്ഞു.

വീടിനകത്ത് തൂങ്ങിയ നിലയിലായിരുന്നു തൃക്കണ്ണാപുരം സ്വദേശി ആനന്ദ് കെ തമ്പിയെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. തിരുവനന്തപുരം കോർപറേഷനിലെ തൃക്കണ്ണാപുരം വാർഡിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിനു പിന്നാലെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ആനന്ദ് അറിയിച്ചിരുന്നു.

എന്നാൽ തന്റെ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റ് താൻ ഒരു ആർ എസ് എസുകാരനായി ജീവിച്ചു എന്നതാണെന്നും മരണത്തിന് തൊട്ടുമുമ്പുവരെയും ഞാനൊരു ആർ എസ് എസ് പ്രവർത്തകനായി മാത്രമാണ് ജീവിച്ചതെന്നും എഴുതിയ ശേഷം പിന്നീട് ആനന്ദ് ആത്മഹത്യ ചെയ്തു. തന്നെ ആത്മഹത്യയിലേക്ക് കൊണ്ടെത്തിച്ചത് താൻ ആർ എസ്എസ് ആയിജീവിച്ചെന്നതാമെന്നും ആത്മഹത്യാ കുറിപ്പിൽ ആനന്ദ് പറഞ്ഞിരുന്നു.

Related Posts