India News

ആർ‌എസ്‌എസ് നേതാവിന്റെ മകനെ ബൈക്കിലെത്തിയ രണ്ടം​ഗ സംഘം വെടിവെച്ചു കൊലപ്പെടുത്തി; ആം ആദ്മി സർക്കാരിനെതിരെ ബിജെപി

ഫിറോസ്പൂർ: ആർ‌എസ്‌എസ് നേതാവിന്റെ മകനെ ബൈക്കിലെത്തിയ രണ്ടം​ഗ സംഘം വെടിവെച്ചു കൊലപ്പെടുത്തി. പഞ്ചാബിലെ ഫിറോസ് പൂർ ജില്ലയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. പ്രാദേശിക ആർ.എസ്.എസ് പ്രവർത്തകനായ ബൽദേവ് രാജ് അരോരയുടെ മകൻ. നവിൻ അരോറയാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് നവിന് നേരെ ആക്രമണമുണ്ടായത്. സ്റ്റോർ കീപ്പറായി ജോലി ചെയ്യുന്ന നവിൻ കടയിൽ നിന്ന് ഡോ. സാദു ചന്ദ് ചൗക്കിന് സമീപമുള്ള തന്റെ വീട്ടിലേക്കു നടക്കുന്നതിനിടയിലാണ് ബൈക്കിലെത്തിയ സംഘം എതിർവശത്തു നിന്നുമെത്തി വെടിയുതിർത്തത്. നവിനെ വെടിവെച്ച് വീഴ്ത്തിയ ഉടൻ തന്നെ അക്രമികൾ കടന്ന് കളഞ്ഞു. നവി‌നിനെ ഉടൻ തന്നെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാ മധ്യേ മരണം സംഭവിച്ചിരുന്നു. നവിന്റെ പിതാവ് ബൽദേവ് രാജ് അരോര ആർ‌എസ്‌എസ് പ്രവർത്തകനായി ഏറെക്കാലമായി പ്രവർത്തിച്ചുവരികയായിരുന്നു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരായ എസ്‌എസ്‌പി ഭുപിന്ദർ സിംഗ് അടക്കം സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു. പ്രതികളെ തിരിച്ചറിയാൻ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നു പോലീസ് അറിയിച്ചു.

ആർ‌എസ്‌എസ് നേതാവിന്റെ മകൻ നവിൻ അരോരയുടെ കൊലപാതകം സംസ്ഥാനത്തെ ആം ആദ്മി പാർട്ടി സർക്കാരിന്റെ കെടുകാര്യസ്ഥതയും ബി.ജെ.പി വേട്ടയുമാണെന്ന്പഞ്ചാബിലെ ബിജെപി അധ്യക്ഷൻ സുനിൽ ജാഖർ പ്രതികരിച്ചു. സംസ്ഥാനത്ത് ഗ്യാംഗ്സ്റ്റർമാരാണ് ഭരണം നടത്തുന്നതെന്നും മുഖ്യമന്ത്രി ഭഗവന്ത് മാൻ തന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.ഫിറോസ്പൂർ എംഎൽഎ രൺബീർ സിംഗ് ഭുല്ലർ കുടുംബത്തെ സന്ദർശിച്ച് കർശന നടപടിയെടുക്കുമെന്ന് ഉറപ്പുനൽകി.

Related Posts