തിരുവനന്തപുരം: പാലത്തായി പീഡനക്കേസിൽ പ്രതി കെ പത്മരാജനെ ജോലിയിൽ നിന്ന് പുറത്താക്കി. 10 വയസുകാരിയെ സ്കൂളിൽവെച്ച് പീഡിപ്പിച്ച കേസിൽ വിധി വന്നതോടെയാണ് പ്രതിക്കെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചത്. സ്കൂൾ മാനേജ്മെന്റിന് അധ്യാപകനായ കെ പത്മരാജനെ പുറത്താക്കാൻ വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി. ബിജെപി നേതാവ് ആണ് പ്രതി കെ പത്മരാജൻ.
നാലാം ക്ലാസുകാരിയെ സ്കൂളിലെ ശുചിമുറിയിൽ വച്ച് മൂന്ന് ദിവസങ്ങളിലായി ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് മരണം വരെ ജീവപര്യന്തം ശിക്ഷയും പോക്സോ കേസിൽ 40 വർഷം തടവും രണ്ടര ലക്ഷം രൂപ പിഴയും നൽകാനാണ് വിധി. തലശ്ശേരി അതിവേഗ കോടതിയാണ് കെ പത്മരാജനെതിരെ ശിക്ഷ വിധിച്ചത്.
ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും പിന്നീട് പ്രത്യേക അന്വേഷണസംഘവും നടത്തിയ കേസിലാണ് അഞ്ചുവർഷം കഴിയുമ്പോൾ ശിക്ഷ വിധിച്ചത്. 376 എബി, ബലാത്സംഗം, പോക്സോ ആക്ട് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡിവൈഎസ്പി ആയിരുന്ന ടി കെ രത്നകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണസംഘം ശേഖര്ച്ച ശാസ്ത്രീയ തെളിവുകളാണ് കേസിൽ വഴിത്തിരിവായത്.
അധ്യാപകനെതിരായ പരാതി തലശ്ശേരി ഡിവൈഎസ്പി പാനൂർ പൊലീസിനാണ് കൈമാറിയത്. എന്നാൽ പ്രതിക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധം ശക്തമായതോടെ 2020 ഏപ്രിൽ 15ന് ബന്ധു വീട്ടിൽ ഒളിവിൽ കഴിഞ്ഞ പത്മരാജനെ അറസ്റ്റ് ചെയ്തു. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. അഞ്ച് അന്വേഷണസംഘങ്ങൾ മാറിമാറി അന്വേഷിച്ച കേസിൽ 2021 മെയ് മാസമായിരുന്നു അന്തിമ കുറ്റപത്രം സമർപ്പിച്ചത്.
2024 ഫെബ്രുവരിയിൽ തുടങ്ങിയ വിചാരണക്കൊടുവിലാണ് തലശ്ശേരി പോക്സോ കോടതി പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നും ശിശുദിനത്തിൽ അതിജീവിതയ്ക്ക് നീതി ലഭിച്ചെന്നും കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ പ്രതികരിച്ചിരുന്നു.
















