പട്ന: ബിഹാറിൽ പത്താമതും മുഖ്യമന്ത്രിയാകാനൊരുങ്ങി നിതീഷ് കുമാർ. ചൊവ്വാഴ്ച പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് റിപ്പോർട്ടുകൾ. ബിഹാറിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ വ്യക്തിയാണ് നിതീഷ് കുമാർ. എന്നാൽ, ഇക്കുറി ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപിയാണെന്നത് നിതീഷിന് തലവേദനയാകും.
രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനങ്ങൾ ബിജെപി നിലനിർത്തും. മത്സരിച്ച 101 മണ്ഡലങ്ങളിൽ 89 ഇടത്ത് വിജയിച്ചാണ് ബിജെപി നിയമസഭയിലേക്ക് എത്തുന്നത്. 85 ഇടത്താണ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു വിജയിച്ചത്. മത്സരിച്ച 29 മണ്ഡലങ്ങളിൽ 19 ഇടത്ത് വിജയക്കൊടി പാറിച്ച ശക്തി ചിരാഗ് പാസ്വാന്റെ ലോക് ജൻശക്തി പാർട്ടിക്കും പ്രധാന വകുപ്പുകളിൽ സാധ്യതയുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ജെഡിയു നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. ജെഡിയു നേതാവ് സഞ്ജയ് ജാ ആണ് അമിത് ഷായെ കണ്ടത്. കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ധർമെന്ദ്ര പ്രധാൻ, ബിജെപി ജെനറൽ സെക്രട്ടറിയായ വിനോദ് താവ്ടെ എന്നിവരും ചര്‍ച്ചയിൽ പങ്കെടുത്തു. ഇന്ന് നിയമസഭ കക്ഷി യോഗം ചേർന്ന് നിതീഷ് കുമാറിനെ കക്ഷി നേതാവായി തെരെഞ്ഞെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.
സ്ത്രീ വോട്ടർമാരുടെ പിന്തുണയിൽ വീണ്ടും അധികാരത്തിലെത്തുമ്പോൾ പുതിയ സർക്കാരിന്‍റെ ആദ്യമന്ത്രിസഭാ യോഗത്തിൽ തന്നെ അവർക്കായി കൂടുതൽ ക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കാനിടയുണ്ടെന്ന് വാർത്തകളുണ്ട്. അതേസമയം, തെരഞ്ഞെടുപ്പിലെ വൻ തോൽവിയിൽ ആർജെഡി അന്വേഷണം നടത്തും. പണം നൽകി തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നുവെന്ന് ആർജെഡി സംസ്ഥാന അധ്യക്ഷൻ മംഗനി ലാൽ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും പ്രതിപക്ഷം ആരോപണമുന്നയിക്കുന്നുണ്ട്.
ഇന്ത്യ മുന്നണിയിലെ തേജസ്വി യാദവ് നേതൃത്വം നൽകുന്ന ആർജെഡി ബിഹാറിൽ 25 സീറ്റുകളിൽ വിജയിച്ചപ്പോൾ കോൺഗ്രസിനു നേടാനായത് 6 സീറ്റുകൾ മാത്രമാണ്.
















