തിരുവനന്തപുരം: പ്രാദേശിക ആര്‍എസ്എസ് നേതൃത്വത്തിനെതിരേ ആരോപണവുമായി നെടുമങ്ങാട്ട് ആത്മഹത്യയ്ക്കു ശ്രമിച്ച ബിജെപി നേതാവ് ശാലിനി. കരിപ്പുര്‍ ശാഖയുമായി ബന്ധപ്പെട്ട സംഘത്തിന്റെ പ്രാദേശിക നേതാക്കള്‍ സീറ്റു കിട്ടാതിരിക്കാനായി തന്നെ വ്യക്തിഹത്യനടത്തിയെന്ന് ശാലിനി ആരോപിച്ചു. താന്‍ ഒരു രീതിയിലും ജയിച്ചുവരരുതെന്ന രീതിയിലായിരുന്നു തന്നെ വ്യക്തിഹത്യ നടത്തിയതെന്നും മഹിളാ മോർച്ച നോർത്ത് ജില്ലാ സെക്രട്ടറി ശാലിനി സനിൽ ആരോപിക്കുന്നു.
തന്നെ മത്സരിപ്പിക്കരുതെന്ന് ബിജെപി നേതാക്കളില്‍ സമ്മര്‍ദം ചെലുത്തി. തനിക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കിയതില്‍ മനംനൊന്താണ് ആത്മഹത്യക്കു ശ്രമിച്ചതെന്ന് ശാലിനി പറഞ്ഞു. വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയില്‍ പല പ്രചാരണങ്ങളും നടത്തിയതായും അവർ പറയുന്നു. പത്തു വർഷം മുമ്പ് തന്നെ സ്ഥാനാർത്ഥിയാക്കിയപ്പോളും വ്യക്തിഹത്യ നടത്തിയിരുന്നുവെന്നും തന്നോടും കുടുംബത്തോടുമുള്ള വ്യക്തി വൈരാഗ്യമാണ് കാരണമെന്നും ശാലിനി പറയുന്നു.
“ആര്‍എസ്എസിന്റെ പ്രാദേശിക നേതാക്കൾ സീറ്റു കിട്ടരുത്, കിട്ടിയാല്‍ ഞാന്‍ ജയിക്കരുത് എന്ന ഉദ്ദേശത്തോടെയാണ് എല്ലാം ചെയ്തത്. എന്റെ ജന്മനാടാണ് ഇത്. സംഘടന പറഞ്ഞതിന്റെ പേരില്‍ കഴിഞ്ഞ രണ്ടുതവണയും മറ്റ് രണ്ടിടങ്ങളില്ലായിരുന്നു മത്സരിച്ചത്. പാര്‍ട്ടി തന്നെ തീരുമാനിച്ച് എന്റെ സ്വന്തം സ്ഥലം തന്നതാണ്. ഞാന്‍ ഒരു രീതിയിലും ജയിച്ചുവരരുതെന്ന രീതിയില്‍ വ്യക്തിവൈരാഗ്യം തീര്‍ത്തതാണ്’, രു തരത്തിലും പിടിച്ചുനില്ക്കാന് പറ്റാതായതോടെയാണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നും ഫോണില്‍ പലതവണ പരാതി നേതത്വത്തെ അറിയിച്ചിരുന്നതായും ശാലിനി പറയുന്നു.
നെടുമങ്ങാട് പനയ്ക്കോട്ടല വാര്‍ഡില്‍ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് ഒഴിവാക്കാനായി വ്യക്തിഹത്യ നടത്തിയെന്ന് ആരോപിച്ചാണ് ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ ശാലിനി കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായപ്പോള്‍ ശാലിനിയെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായും മറ്റൊരു സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനൊരുങ്ങുകയും ചെയ്തു. ആത്മഹത്യയ്ക്ക് ശ്രമിച്ച ശാലിനി അപകടനില തരണം ചെയ്തതിനെത്തുടർന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രി വിട്ടു.
















