ഡൽഹി: ബിഹാറിൽ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനുശേഷം പുറത്തിറക്കിയ വോട്ടർ പട്ടിക അന്തിമമായിരുന്നില്ലെന്നും പുതിയ വോട്ടര്‍മാരുടെ അപേക്ഷകള്‍ പിന്നീടും സ്വീകരിച്ചിരുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. എന്നാൽ ഇത് നേരത്തേ അറിയിച്ച പ്രകാരമായിരുന്നുവെന്നും കമ്മീഷൻ അറിയിച്ചു. എസ്ഐആർ പൂർത്തിയായ ശേഷം പുറത്തുവിട്ട വോട്ടർപട്ടികയിൽ ഉള്ളതിനേക്കാൾ മൂന്നു ലക്ഷം വോട്ടർമാർ എങ്ങിനെ വന്നുവെന്നതിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകിയത്.
ബിഹാര്‍ തെരഞ്ഞെടുപ്പിൽ ഒക്ടോബര്‍ 20 വരെയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. നാമനിര്‍ദേശ പത്രിക നൽകുന്നതിന്‍റെ അവസാന ദിവസത്തിന് പത്തുദിവസം മുമ്പ് വരെ യോഗ്യരായവര്‍ക്ക് വോട്ടര്‍ പട്ടികയിൽ പേരുചേര്‍ക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. ബിഹാറിൽ സെപ്റ്റംബർ 30 ന് എസ്ഐആര്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇതിനുശേഷം പുറത്തുവിട്ട പത്രക്കുറിപ്പിൽ ഒക്ടോബർ 10 വരെ വോട്ടർ പട്ടികയിൽ പേരു ചേർക്കാമെന്ന കാര്യം വിശദീകരിച്ചതിന്‍റെ തെളിവും തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടിട്ടുണ്ട്.
എസ്ഐആറിനുശേഷം സെപ്റ്റംബര്‍ 30ന് ഇറക്കിയ വോട്ടർ പട്ടികയിൽ ബിഹാറിൽ 7.42 കോടി വോട്ടര്‍മാരായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ വോട്ടെടുപ്പിനുശേഷം നവംബര്‍ 12ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞ കണക്ക് പ്രകാരം 7.45 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. എസ്ഐആറിനു ശേഷം മൂന്നു ലക്ഷത്തിലധികം വോട്ടര്‍മാരുടെ വര്‍ധനവുണ്ടായതിൽ അവ്യക്തതയുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകണമെന്നും സിപിഎമ്മും കോണ്‍ഗ്രസും അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിലാണ് കമ്മീഷൻ വിശദീകരണം നൽകിയിരിക്കുന്നത്.
ഒക്ടോബര്‍ പത്തുവരെ ഇത്തരത്തിൽ പുതിയ അപേക്ഷകള്‍ കിട്ടിയെന്നും അങ്ങനെ മൂന്നു ലക്ഷം പേരെ ചേര്‍ത്ത ശേഷമാണ് തെരഞ്ഞെടുപ്പ് നടത്തിയതെന്നും കമ്മീഷൻ വിശദീകരിച്ചു. വോട്ടെടുപ്പിനുശേഷം നൽകിയ വാര്‍ത്താക്കുറിപ്പിൽ 7.45 കോടി വോട്ടര്‍മാരാണുള്ളതെന്നാണ് പറഞ്ഞതെന്നും അത്രയും പേര്‍ വോട്ടു ചെയ്തുവെന്ന് പറഞ്ഞിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.
















