തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിൽ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് വെട്ടിയ സംഭവത്തിൽ വിവാദം രൂക്ഷമാകുന്നു. വൈഷ്ണയ്ക്കെതിടെ പാരാതി നൽകിയ സിപിഎം ബ്രാഞ്ച് അംഗം ധനേഷ് കുമാറിന്റെ പേരിനൊപ്പമുള്ള വീട്ടുനമ്പറിൽ 22 പേർ താമസിക്കുന്നതായി രേഖ കണ്ടെത്തി. ശനിയാഴ്ച പ്രസിദ്ധീകരിച്ച സപ്ലിമെന്ററി പട്ടികയിൽ TC 18/2464 എന്ന വീട്ടുനമ്പറാണ് ധനേഷിന്റെ പേരിനൊപ്പമുള്ളത്. എന്നാൽ ഇതേ നമ്പറിൽ മറ്റ് 21 ആളുകളെയും ഉൾപ്പെടുത്തിയിട്ടുണ്ട് എന്നാണ് കണ്ടെത്തിയത്.
ഒരു വീടിന് ഒരു നമ്പർ എന്ന കോർപറേഷൻ റവന്യു വകുപ്പിന്റെ ക്രമവകുപ്പിനോട് വിരുദ്ധമായ രീതിയിലാണ് TC 18/2464 നമ്പറിനൊപ്പം നിരവധി വീടുകളുടെ പേരുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. തോപ്പിൽ വീട്, മാറയ്ക്കൽ തോപ്പിൽ വീട്, ശക്തി ഭവൻ, അനുപമ മാറയ്ക്കൽ തോപ്പ്, ശേഖരമംഗലം, ആർ.സി. നിവാസ്, അക്ഷയ, ഭാർഗവ പ്രസാദം തുടങ്ങിയ പേരുകളാണ് പട്ടികയിൽ ചേർത്തിരിക്കുന്നത്.
വൈഷ്ണ നൽകിയ രേഖയിൽ വീട്ടുനമ്പർ തെറ്റാണ് എന്ന് ചൂണ്ടികാണിച്ചാണ് ധനേഷ് നേരത്തെ കോർപറേഷൻ തിരഞ്ഞെടുപ്പ് ചുമതലയുള്ള അഡിഷനൽ സെക്രട്ടറിക്കു പരാതി നൽകിയത്. പരാതിയെ തുടർന്ന് വോട്ടർ പട്ടികയിൽ നിന്ന് വൈഷ്ണയുടെ പേർ വെട്ടുകയും ഈ കാരണത്താൽ തദ്ദേശതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം പ്രതിസന്ധയിലാവുകയും ചെയ്തിരുന്നു. വോട്ടർ പട്ടികയിൽ പേരുകൾ കൂട്ടിച്ചേർക്കുന്നതും ഒഴിവാക്കുന്നതും തെരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ച അവസാന അവസരത്തിന്റെ മറവിൽ പല വാർഡുകളിലും കൂട്ടത്തോടെ ക്രമക്കേടുകൾ നടന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു.
















