ബെംഗളൂരു: ‘വോട്ട് ചോരി’ കേസിൽ കർണാടകയിൽ ഒരാൾ പിടിയിൽ. പശ്ചിമബംഗാള്‍ സ്വദേശി ബാപി ആദ്യ എന്നയാളെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. കര്‍ണാടകയിലെ അലന്ദ് മണ്ഡലത്തിലെ വോട്ടുകള്‍ കൂട്ടത്തോടെ വെട്ടിമാറ്റുന്നതിന് സഹായിച്ചു എന്നാണ് ബാപി ആദ്യക്കെതിരായ കേസ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണവുമായി ബന്ധപ്പെട്ട നിര്‍ണായകമായ നടപടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
കല്‍ബുര്‍ഗിയിലെ ഒരു ഡേറ്റാ സെന്റര്‍ വഴി കൂട്ടത്തോടെ ബിജെപി നേതാവിന്റെ ഡേറ്റാ സെന്ററിലേക്ക് എത്തിച്ചുനല്‍കി എന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. മൊബൈല്‍ ഫോണ്‍ അറ്റകുറ്റപ്പണി നടത്തുന്ന കടയുടെ ഉടമയാണ് അറസ്റ്റിലായ ബാപി ആദ്യ. തിരഞ്ഞെടുപ്പിന്റെ സമയത്ത് അലന്ദ് എംഎല്‍എ ആയിരുന്ന ബിജെപി നേതാവ് സുഭാഷ് ഗുട്ടേദാറും മകനും ചേര്‍ന്ന് ബാപിയുടെ ഡേറ്റാ സെന്ററിന് കരാര്‍ നല്‍കിയിരുന്നതായും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഒരു വോട്ടിന് 80 രൂപ എന്ന കണക്കില്‍ 6000-ത്തിലധികം വോട്ടുകള്‍ വെട്ടി മാറ്റിയെന്ന് രാഹുൽഗാന്ധി ആരോപിച്ചിരുന്നു. കല്‍ബുര്‍ഗിയിലെ ഒരു ഡേറ്റാ സെന്റര്‍ വഴിയാണ് വോട്ട് വെട്ടല്‍ പരിപാടികള്‍ നടന്നത് എന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പശ്ചിമബംഗാൾ സ്വദേശി അറസ്റ്റിലായിരിക്കുന്നത്. ഡേറ്റാ സെന്റര്‍ നടത്തിയിരുന്ന വ്യക്തി, സുഭാഷ് ഗുട്ടേദാര്‍, അദ്ദേഹത്തിന്റെ മകന്‍ എന്നിവർ ഹൈക്കോടതിയില്‍ നിന്ന് നേരത്തേ തന്നെ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.
















