പട്ന: ബിഹാർ തെരഞ്ഞെടുപ്പിൽ തൂത്തുവാരി എൻഡിഎ. മുന്നണിയിലെ പ്രധാന കക്ഷികളായ ജെഡിയുവും ബിജെപിയും തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. 89 മണ്ഡലങ്ങളിൽ ബിജെപിയും 85 ഇടത്ത് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവും വിജയിച്ചു. 101 സീറ്റുകളിൽ ഇരുപാർട്ടികളും മത്സരിച്ചിരുന്നു. ഇന്ത്യ മുന്നണിയിലെ തേജസ്വി യാദവ് നേതൃത്വം നൽകുന്ന ആർജെഡി ബിഹാറിൽ 25 സീറ്റുകളിൽ വിജയിച്ചപ്പോൾ കോൺഗ്രസിനു നേടാനായത് 6 സീറ്റുകൾ മാത്രമാണ്.
ലോക് ജൻശക്തി പാർട്ടി (രാം വിലാസ്) 19 സീറ്റു നേടിയിട്ടുണ്ട്. ഓൾ ഇന്ത്യ മജിലിസ് ഇ ഇറ്റഹാദുൽ മുസ്ലിമീൻ 5 സീറ്റിൽ വിജയിച്ചിട്ടുണ്ട്. ജോകിഹാത്, ബഹദൂർഗഞ്ച്, കൊച്ചധമാൻ, അമോർ, ബൈസി എന്നിവിടങ്ങളിലാണ് ഓൾ ഇന്ത്യ മജിലിസ് ഇ ഇറ്റഹാദുൽ മുസ്ലിമീൻ വിജയിച്ചത്. ഹിന്ദുസ്ഥാനി ആവാം മോർച്ച(സെക്കുലർ) അഞ്ചിടത്ത് വിജയിച്ചിട്ടുണ്ട്. കുടുമ്പ, ഇമാംഗഞ്ച്, ബാരാചാഠി, അത്രി, സിക്കന്ദ്ര മണ്ഡലങ്ങളാണ് ഹിന്ദുസ്ഥാനി ആവാം മോർച്ച(സെക്കുലർ)-ന് നേടാനായത്. രാഷ്ട്രീയ ലോക് മോർച്ചയ്ക്ക് 4 സീറ്റ് നേടാനായി. ബാജ്‍പാഠി, മധുബനി, ശശറാം, ദിനാര മണ്ഡലങ്ങളിലാണ് രാഷ്ട്രീയ ലോക് മോർച്ചയ്ക്ക് നിയമസഭയിലേക്ക് പ്രതിനിധികളുണ്ടാകുക.
ഇക്കുറി സിപിഎമ്മിന്റെ ഒരു സ്ഥാനാർത്ഥി മാത്രമാണ് ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. സമസ്തിപ്പുർ ജില്ലയിലെ വിഭൂതിപ്പുരിൽ നിന്ന് ജനവിധി തേടിയ അജയ് കുമാറാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിപിഐഎമ്മിന്റെ ഏക അംഗം. സിപിഐഎംഎൽ രണ്ടു സീറ്റുകൾ നേടിയിട്ടുണ്ട്. പാലിഗഞ്ചിൽ സന്ദീപ് സൗരവ് 6655 വോട്ടിന്റെ ഭൂരിപക്ഷത്തിലും കരകാട്ട് മണ്ഡലത്തിൽ അരുൺസിങ്ങ് 2836 വോട്ടിനുമാണ് വിജയിച്ചത്. ബിഎസ്‍പിക്ക് ഒരു സീറ്റു മാത്രമാണ് നേടാനായത്. രാംഗഡിൽ ബിഎസ്‍പിയുടെ സതീഷ് കുമാർ സിങ് യാദവ് 30 വോട്ടിന് വിജയിച്ചു. ഇന്ത്യൻ ഇൻക്ലൂസീവ് പാർട്ടി സഹാറ മണ്ഡലത്തിൽ 2036 വോട്ടിന് വിജയിച്ചിട്ടുണ്ട്.
വാൽമീകി നഗർ, ചമ്പാതിയ, ഫോർബസ്ഗഞ്ച്, അരാറിയ, കിഷൻഗഞ്ച്, മനിഹരി എന്നീ മണ്ഡലങ്ങൾ മാത്രമാണ് കോൺഗ്രസിനെ പിന്തുണച്ചത്. വാൽമീകി നഗർ മണഡലത്തിൽ 1675 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സുരേന്ദ്ര പ്രസാദ്, ചമ്പാതിയയിൽ 602 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അഭിഷേക് രഞ്ജൻ, ഫോർബസ്ഗഞ്ചിൽ 221 വോട്ടിന് മനോജ് ബിശ്വാസ്, അരാറിയയിൽ 12741 വോട്ടിന് അബിദൂർ റഹ്മാൻ, കിഷൻഗഞ്ചിൽ 12794 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മുഹമ്മദ് അബ്ദുൽ ഹുദ, മനിഹരി നിയോജക മണ്ഡലത്തിൽ 15168 വോട്ടുകൾക്ക് മനോഹർ പ്രസാദ് സിങ് എന്നീ കോൺഗ്രസ് സ്ഥാനാർത്ഥികളാണ് വിജയിച്ചത്.
















