Homepage Featured India News

കാശ്മീരിലെ സ്ഫോടനം; ഭീകരസംഘടനയ്ക്ക് പങ്കെന്ന വാദം തള്ളി പൊലീസ്, അന്വേഷണം തുടരും

ശ്രീന​ഗർ: 2025 നവംബർ 14 വെള്ളിയാഴ്ച രാത്രി ശ്രീനഗറിലെ നൗഗാമിലുണ്ടായ സ്ഫോടനം അപകടമെന്ന് പൊലീസ്. സ്ഫോടനത്തിൽ ജെയ്‌ഷെ മുഹമ്മദിന്റെ പി‌എ‌എഫ്‌എഫ് ഉൾപ്പെടെയുള്ള പാകിസ്ഥാൻ ആസ്ഥാനമായുള്ള ഏതെങ്കിലും ഭീകര സംഘടനയ്ക്ക് പങ്കുണ്ടെന്ന വാദം ശനിയാഴ്ച (നവംബർ 15) ജമ്മു കശ്മീർ പോലീസ് തള്ളി. നൗ​ഗ്രാമിലെ പോലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

ഒരു അന്തർ സംസ്ഥാന ഭീകര മൊഡ്യൂൾ കേസുമായി ബന്ധപ്പെട്ട് ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് പിടിച്ചെടുത്ത സ്‌ഫോടകവസ്തു ശേഖരം സൂക്ഷിച്ചിടത്താണ് സ്ഫോടനമുണ്ടായത്. ഫോറൻസിക് സംഘത്തിന് കൈമാറുന്നതിന് മുമ്പ്, അധികൃതർ സാമ്പിളുകൾ വേർതിരിച്ചെടുക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. അതേസമയം ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

“വീണ്ടെടുത്ത വസ്തുക്കളുടെ സെൻസിറ്റീവ്, അസ്ഥിര സ്വഭാവം കാരണം, സാമ്പിളുകളും പരിശോധനയും അതീവ ജാഗ്രതയോടെയാണ് നടത്തിയത്. എല്ലാ മുൻകരുതലുകളും ഉണ്ടായിരുന്നിട്ടും, ഇന്നലെ രാത്രി ഒരു ‘ആകസ്മിക’ സ്‌ഫോടനം സംഭവിച്ചു,”- ജമ്മു കശ്മീർ ഡയറക്ടർ ജനറൽ ഓഫ് പോലീസ് നളിൻ പ്രഭാത് പറഞ്ഞു.

സ്‌ഫോടനത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ ജോയിന്റ് സെക്രട്ടറി പ്രശാന്ത് ലോഖണ്ഡെ പ്രസ്താവനയിൽ പറഞ്ഞു. കണ്ടെടുത്ത സ്‌ഫോടകവസ്തുക്കൾ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടി ക്രമങ്ങൾ അനുസരിച്ച് ഫോറൻസിക് പരിശോധനയ്ക്കായി അയച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി സ്‌ഫോടക വസ്തുക്കൾ മാറ്റിക്കൊണ്ടിരിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Related Posts