തിരുവനന്തപുരം: സ്ഥാനാർഥി നിർണയത്തിൽ തഴഞ്ഞതിനെ തുടർന്ന് ബിജെപി പ്രവർത്തകൻ ജീവനൊടുക്കി. തിരുമല സ്വദേശിയായ ആനന്ദ് തമ്പിയാണ് ആത്മഹത്യ ചെയ്തത്. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളും സമ്മർദ്ദങ്ങളുമാണ് ആത്മഹത്യയ്ക്ക് വഴിവച്ചത്. ആർഎസ്എസ്–ബിജെപി നേതാക്കളെ പരാമർശിച്ച് എഴുതിയ കുറിപ്പും സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആനന്ദിനെ വീട്ടിനകത്ത് തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആർഎസ്എസ്, ബിജെപി നേതൃത്വത്തിനെതിരായി സന്ദേശം അയച്ചതിനു ശേഷമാണ് ആനന്ദ് ആത്മഹത്യ ചെയ്തത്.
നേരത്തെ തിരുവനന്തപുരം കോർപ്പറേഷനിലെ തൃക്കണ്ണാപുരം വാർഡിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ലിസ്റ്റിൽ ആനന്ദിന്റെ പേര് ഉണ്ടായിരുന്നില്ല എന്നാണ് ബിജെപി നേതൃത്വം വിശദീകരിക്കുന്നത്. തന്നെ സ്ഥാനാർത്ഥിയാക്കാത്തതിന് പിന്നിൽ ബിജെപി നേതാക്കളാണ് എന്നാണ് ആനന്ദ് കുറിപ്പിൽ ആരോപിക്കുന്നത്. മണ്ണ് മാഫിയയുമായി ബിജെപി, ആർഎസ്എസ് നേതാക്കൾക്ക് ബന്ധമുണ്ടെന്നും കുറിപ്പിൽ പറയുന്നു. നിലവിൽ തൃക്കണ്ണാപുരം സ്ഥാനാർത്ഥിയായി പ്രഖ്യപിച്ചിരിക്കുന്നത് മണ്ണ് മാഫിയക്കാരനെയാണെന്നും ആനന്ദ് ആരോപിക്കുന്നു.
















