വാഷിങ്‍ടൺ: ബീഫ്, കാപ്പി, ഉഷ്ണമേഖലാ ഫലങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾക്ക് തീരുവ ഒഴിവാക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച (നവംബർ 14, 2025) ഒപ്പുവച്ചു. തീരുവ കുറയ്ക്കില്ലെന്ന പിടിവാശിയിലായിരുന്നു സർക്കാർ. എന്നാൽ വില വളരെ ഉയർന്നതാണെന്ന് പരാതിപ്പെടുന്ന ഉപഭോക്താക്കളുടെ സമ്മർദ്ദത്തെത്തുടർന്നാണ് തീരുവ കുറച്ചത്.
ഈ മാസം ആദ്യം നടന്ന ഓഫ്-ഇയർ തിരഞ്ഞെടുപ്പുകളിൽ വോട്ടർമാർ പ്രധാനമായും ഉന്നയിച്ച ആശങ്കകളിലൊന്നായിരുന്നു ഉയർന്ന താരിഫ്. ഇതുമായി ബന്ധപ്പെട്ട് വിർജീനിയയിലും ന്യൂജേഴ്‌സിയിലും നടന്ന തെരഞ്ഞെടുപ്പുകളിൽ ട്രംപിന്റെ പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടി നേരിട്ടിരുന്നു. ഉയർന്ന താരിഫിനെതിരെയുള്ള പ്രതിഷേധം ഡെമോക്രാറ്റുകൾക്ക് വലിയ വിജയവും നേടിക്കൊടുത്തു.
ഏപ്രിലിൽ മിക്ക രാജ്യങ്ങൾക്കുമേലും ട്രംപ് തീരുവ ഏർപ്പെടുത്തിയിരുന്നു ഏർപ്പെടുത്തി. സാമ്പത്തിക തെളിവുകൾ വിരുദ്ധമാണെങ്കിലും, താരിഫുകൾ ഉപഭോക്തൃ വില വർദ്ധനയ്ക്ക് കാരണമാകുന്നില്ലെന്ന് ട്രംപ് ഭരണകൂടം നേരത്തേ നിലപാടെടുത്തിരുന്നു. എന്നാൽ സമ്മർദ്ദം തുടർന്നതോടെയാണ് ട്രംപ് തീരുവ കുറയ്ക്കാനൻ തീരുമാനിക്കുന്നത്.
തേയില, പഴച്ചാറുകൾ, കൊക്കോ, സുഗന്ധവ്യഞ്ജനങ്ങൾ, വാഴപ്പഴം, ഓറഞ്ച്, തക്കാളി, ചില വളങ്ങൾ എന്നിവയ്ക്കും എക്സിക്യൂട്ടീവ് ഉത്തരവിലൂടെ തീരുവ കുറച്ചിട്ടുണ്ട്.തീരുവ കുറച്ച ഉൽപ്പന്നങ്ങളിൽ ചിലത് യുണൈറ്റഡ് സ്റ്റേറ്റ്സിന് പുറത്ത് ഉത്പാദിപ്പിക്കുന്നവയാണ്. ഇക്വഡോർ, ഗ്വാട്ടിമാല, എൽ സാൽവഡോർ, അർജന്റീന എന്നീ രാജ്യങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നികുതി ലഘൂകരിക്കാൻ യുഎസ് കരാറുകളിൽ എത്തിയതായും ട്രംപ് പ്രഖ്യാപിച്ചു. കാപ്പിയുടെ ഇറക്കുമതി വർദ്ധിപ്പിക്കുന്നതിനായി തീരുവ കുറയ്ക്കുമെന്ന് ട്രംപ് ഈ വാരം ആദ്യത്തോടെ അറിയിച്ചിരുന്നു.
















